എഡിജിപി അജിത് കുമാര്‍ ശബരിമലയിലേക്ക് നടത്തിയ വിവാദ ട്രാക്ടര്‍ യാത്രയുടെ ചിത്രങ്ങള്‍ മനോരമന്യൂസിന്. രണ്ട് പഴ്സനല്‍ സ്റ്റാഫുകള്‍ക്കൊപ്പം എഡിജിപി ട്രാക്ടറില്‍ യാത്ര ചെയ്യുന്നതിന്‍റെ സിസിടിവി ദൃശ്യങ്ങളാണ് പുറത്തുവന്നത്. ദൃശ്യങ്ങള്‍ തെളിവായി ഉണ്ടായിട്ടും എഡിജിപിയെ പ്രതി ചേര്‍ക്കാതെ ഒത്തുകളിക്കുകയാണ് പൊലീസ്.

അതേസമയം, ട്രാക്ടറില്‍ കയറി ശബരിമലയിലെത്തിയതില്‍ അജിത്കുമാര്‍ ഡിജിപിക്ക് വിശദീകരണം എഴുതി നല്‍കി. മല കയറുന്ന സമയത്താണ് ട്രാക്ടര്‍ വരുന്നത് കണ്ടതെന്നും നടന്ന് കാലുവേദനിച്ചതിനാല്‍ ട്രാക്ടറില്‍ കയറുകയായിരുന്നുവെന്നും അജിത്കുമാര്‍ വിശദീകരണത്തില്‍ പറയുന്നു. 

ശബരിമലയിലേക്ക് സാധനങ്ങള്‍ കൊണ്ടുപോകാന്‍ ഉപയോഗിക്കുന്ന പൊലീസിന്‍റെ ട്രാക്ടറിലാണ് ഈ മാസം 12ന് എഡിജിപി എം.ആര്‍.അജിത്കുമാര്‍ പമ്പയില്‍ നിന്ന് സന്നിധാനത്തേക്കും തിരിച്ചും യാത്ര ചെയ്തുവെന്ന് ശബരിമല സ്പെഷല്‍ കമ്മിഷണര്‍ റിപ്പോര്‍ട്ട് നല്‍കിയത്. വൈകിട്ട് ആറുമണിയോടെ ചെളിക്കുഴിയില്‍ നിന്ന് അജിത്കുമാറും പഴ്സനല്‍ സ്റ്റാഫുകളും ട്രാക്ടറില്‍ കയറി മുകളില്‍ പോകുകയും സന്നിധാനത്തിന് സമീപത്ത് ഇറങ്ങുകയും ചെയ്തു. ഇതേത്തുടര്‍ന്നാണ് കമ്മിഷണര്‍ ഹൈക്കോടതിക്ക് റിപ്പോര്‍ സമര്‍പ്പിച്ചത്.

കമ്മിഷണറുടെ റിപ്പോര്‍ട്ട് പരിഗണിച്ച ഹൈക്കോടതി രൂക്ഷമായ വിമര്‍ശനമാണ് അജിത്കുമാറിനെതിരെ ഉന്നയിച്ചത്. സാധനങ്ങള്‍ കൊണ്ടുപോകുന്ന സ്വാമി അയ്യപ്പന്‍ റോഡുവഴി മറ്റുള്ളവര്‍ യാത്ര ചെയ്യുന്നത് വിലക്കിയിട്ടുള്ളതാണെന്നും ആരോഗ്യപ്രശ്നങ്ങളുണ്ടായിരുന്നുവെങ്കില്‍ ആംബുലന്‍സ് ഉപയോഗിക്കാമായിരുന്നുവല്ലോ എന്നും കോടതി ചോദ്യമുയര്‍ത്തിയിരുന്നു. ഭക്തരോ പൊലീസോ മറ്റേതെങ്കിലും വകുപ്പിലെ ഉദ്യോഗസ്ഥരോ സ്വാമി അയ്യപ്പന്‍ റോഡുവഴി യാത്ര ചെയ്യുന്നത് വിലക്കി 2021 നവംബര്‍ 25നാണ് ഹൈക്കോടതി ഉത്തരവിട്ടിരുന്നത്. 

ENGLISH SUMMARY:

ADGP Ajithkumar explained his controversial Sabarimala tractor ride, claiming leg pain as the reason, as CCTV footage of him and two staff members surfaced. Despite the visual evidence, police have not charged the ADGP, sparking allegations of a cover-up.