മുന്നിൽവന്നവർക്കെല്ലാം കാരുണ്യസ്പർശം ചൊരിയാൻ അധികാരം വിനിയോഗിച്ച് പൊതുപ്രവർത്തനത്തിന്റെ വേറിട്ട മാതൃക കാണിച്ച ഉമ്മൻചാണ്ടി ഓർമയായിട്ട് ഇന്ന് രണ്ടുവർഷം. ജനങ്ങളിലലിഞ്ഞ് ജനമനസുകളിലൂടെ വളർന്ന് ജനനായകനായി മാറിയ ഉമ്മൻചാണ്ടി ഇന്നും ജനഹൃദയങ്ങളില്‍ മായാത്ത ഓർമയാണ്. രാഷ്ട്രീയത്തിലും ഭരണതലത്തിലും തിരുത്താനാവാത്ത റെക്കാഡുകൾ കുറിച്ചിട്ട ഉമ്മൻചാണ്ടി, മൺമറഞ്ഞ ശേഷം കരുത്തുകാണിക്കുന്നതാണ് കേരളം കാണുന്നത്.
ജയ് വിളിക്കാൻ നാലാളെ കൂട്ടിയാൽ ആർക്കും നേതാവാം. പക്ഷേ ജനനേതാവാകാൻ അത് മാത്രം പോര. ജനനേതാവ് എന്ന വാക്കിന്റെ അർത്ഥവ്യാപ്തിയാണ് ഉമ്മൻചാണ്ടിയെന്ന പേര്. ലോകത്ത് ഏറ്റവും കൂടുതൽ ആളുകളെ നേരിട്ട കണ്ട് സംസാരിച്ചിട്ടുള്ള മനുഷ്യനാരെന്ന് കണ്ടെത്തിയിട്ടില്ല. അങ്ങനെ രേഖപ്പെടുത്തി വച്ചിരുന്നെങ്കിൽ ആധുനിക കാലത്ത് അതിനും ഉത്തരം ഒരുപക്ഷേ ഉമ്മൻചാണ്ടി ആയെനെ. ഇഴതെറ്റാതെ ഊടും പാവും നെയ്ത് ജനനേതാവ് കടന്നുചെന്ന ഹൃദയങ്ങൾക്ക് പ്രായവ്യത്യാസമുണ്ടായിരുന്നില്ല.
കേരളത്തിലെ പൊതുമണ്ഡലത്തിൽ ഒരു വിളിപ്പാട് അകലെ ഉമ്മൻചാണ്ടിയെ ജനങ്ങൾ ആഗ്രഹിക്കുന്നതിന്റെ തെളിവാണ് പുതുപ്പള്ളി പള്ളിയിലെ കബറിടത്തിലേക്കുള്ള ഇന്നും നിലയ്ക്കാത്ത പ്രവാഹം. മരണാനന്തരം മലയാളി ഇങ്ങനെ ചർച്ച ചെയ്ത് വിജയം ചാർത്തിക്കൊടുത്ത മറ്റൊരു നേതാവുമുണ്ടാകില്ല. ജീവിച്ചിരിക്കെ നേരിട്ട ആരോപണങ്ങൾക്കെല്ലാം ജനകോടതിയിൽ അഗ്നിശുദ്ധി വരുത്തിയായിരുന്നു പുതുപ്പള്ളിയിലേക്കുള്ള ഉമ്മൻചാണ്ടിയുടെ അവസാന ജനസമ്പർക്കയാത്ര. ഉമ്മൻചാണ്ടി എന്ന കേരളയാത്ര കണ്ണികൾ അറ്റുപോകാത്ത മനുഷ്യച്ചങ്ങലായിരുന്നുവെന്ന് തെളിയിച്ച യാത്ര.
മന്ത്രിയും പ്രതിപക്ഷ നേതാവും മുഖ്യമന്ത്രിയും ഇടവേളയില്ലാതെ 53വർഷക്കാലം എം.എൽ.എയുമായിരുന്ന ഉമ്മൻചാണ്ടി ഇല്ലാതെ ഒരുപിടി തിരഞ്ഞെടുപ്പുകൾ നേരിടാൻ കോൺഗ്രസ് ശീലിച്ചുതുടങ്ങിയെങ്കിലും പ്രചാരണത്തിലുടനീളം നിറഞ്ഞുനിൽക്കുന്നത് ഉമ്മൻചാണ്ടി ഓർമകളാണ്. ഉമ്മൻചാണ്ടിയുടെ നിഘണ്ടുവിലെ അതിവേഗം ജനങ്ങൾക്ക് വേണ്ടിയായിരുന്നെങ്കിൽ ബഹുദൂരം കേരളത്തിന്റെ വികസന കുതിപ്പുനുള്ളതായിരുന്നു. ആ കൈയ്യൊപ്പ് ചാർത്തിയ ഏറ്റവും വലിയ പദ്ധതി വിഴിഞ്ഞത്ത് നങ്കുരമിട്ടപ്പോഴും അവകാശതർക്കങ്ങൾക്കിടയിൽ കേരളം ഓർത്തത് ഉമ്മൻചാണ്ടിയെന്ന ഭരണാധികാരിയെയാണ്.
കലർപ്പില്ലാത്ത കരുതൽ കാത്തുസൂക്ഷിച്ച ഉമ്മൻചാണ്ടി മനഃപാഠമാക്കിയത് ജനങ്ങൾ എന്ന എത്ര വായിച്ചാലും തീരാത്ത മഹാപുസ്തകമാണ്. ജനപ്രശ്നങ്ങളായിരുന്നു ഉമ്മൻചാണ്ടിയുടെ പ്രശ്നങ്ങൾ. ആശുപത്രിവാസത്തിലും നിമിഷപ്രിയയുടെ മോചനത്തിനായുള്ള ഉമ്മൻചാണ്ടിയുടെ ശ്രമങ്ങൾ വീണ്ടും ചർച്ചയാണ്. ഇക്കഴിഞ്ഞ ദിവസങ്ങളിൽ നിമിഷപ്രിയയുടെ ശിക്ഷ മരവിപ്പിക്കുന്നതിൽ ചാണ്ടി ഉമ്മന്റെ ഇടപെടലുണ്ടായിപ്പോഴും ഉമ്മൻചാണ്ടിയുടെ അദൃശ്യമായ കരസ്പർശമാണ് ജനം കാണുന്നത്.
ഉടഞ്ഞ് കീറിയ ഖദറും വെട്ടി ചീകി ഒതുക്കാത്ത മുടിയുമായി ഏത് ദുഖവും വേദനയും ഇറക്കിവയ്ക്കാൻ പാകത്തിൽ ചുമല് ഇറക്കിവച്ച നടന്ന ഉമ്മൻചാണ്ടിയെ മലയാളി അങ്ങനെയൊന്നും മറക്കില്ല.