midhun-death-fitness-certificate

കൊല്ലത്ത് വിദ്യാര്‍ഥി ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ ഗുരുതര അനാസ്ഥയ്ക്ക് തെളിവായി ഫിറ്റ്നസ് റിപ്പോര്‍ട്ട്. തേവലക്കര സ്കൂളില്‍ ഒരു പ്രശ്നവുമില്ലെന്നാണ് റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നത്. മേൽക്കൂര, അടിസ്ഥാന സൗകര്യം എന്നിവയില്‍ പ്രശ്നങ്ങൾ ഉണ്ടോ എന്ന ചോദ്യത്തിന് ഇല്ലെന്നാണ് മറുപടി. മേൽക്കൂരയ്ക്ക് മുകളിലൂടെ പോയ ത്രീ ഫേസ് വൈദ്യുത ലൈൻ ഫീൽഡ് റിപ്പോർട് നടത്തിയ ഉദ്യോഗസ്ഥർ അവഗണിച്ചു. മേയ് 29 നാണ് സര്‍ട്ടിഫിക്കറ്റ് നല്‍കിയത്. റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് മനോരമ ന്യൂസിന് ലഭിച്ചു. 

അതേസമയം, വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ച തേവലക്കര ബോയ്സ് ഹൈസ്കൂൾ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി സന്ദർശിച്ചു. ധനമന്ത്രി കെഎൻ ബാലഗോപാലിനൊപ്പം ആയിരുന്നു മന്ത്രിയെത്തിയത്. ശക്തമായ പ്രതിഷേധം കണക്കിലെടുത്ത് കനത്ത സുരക്ഷാ സന്നാഹത്തിൽ ആയിരുന്നു മന്ത്രിമാരുടെ സന്ദർശനം. വിദ്യാർത്ഥിക്ക് ഷോക്കേറ്റ ത്രീ ഫേസ് ലൈനും സൈക്കിൾ ഷെഡും ക്ലാസ് മുറിയും മന്ത്രിമാർ കണ്ടു. അധ്യാപകരുമായും ആശയവിനിമയം നടത്തി. വിദ്യർത്ഥിക്കൊപ്പമാണ് സർക്കാരെന്നും കർശന നടപടി ഉണ്ടാകുമെന്നും മന്ത്രി ഉറപ്പ് നൽകി. സംഭവത്തില്‍ നടപടിയില്‍ യാതൊരു വിട്ടുവീഴ്ചയുമില്ലെന്നും വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി പ്രതികരിച്ചു. 

‌ക്ളാസ് മുറിക്ക് മുന്നിലൂടെ പോയ വൈദ്യുതി കമ്പിയില്‍ നിന്ന് ഷോക്കേറ്റാണ് കൊല്ലം തേവലക്കര ബോയ്സ് ഹൈസ്കൂളിലെ ഏഴാം ക്ളാസ് വിദ്യാര്‍ഥി മിഥുന്‍‌ മരിച്ചത്. കളിക്കുന്നതിനിടെ തെറിച്ചുപോയ ചെരിപ്പെടുക്കാന്‍ ഷെഡിന് മുകളില്‍ കയറിയപ്പോഴാണ് വൈദ്യുതാഘാതമേറ്റത്. ഷെഡിന്‍റെ മേല്‍ക്കൂരയിലേക്ക് കയറിയ മിഥുന്‍ കാല്‍വഴുതിയതോടെ കയറിപ്പിടിച്ചത് ഷെഡിന് മുകളിലൂടെ പോകുന്ന ത്രീഫേസ് വൈദ്യുതി ലൈനിലായിരുന്നു. വൈദ്യുതാഘാതമേറ്റ് അവിടെ തന്നെ കുരുങ്ങിക്കിടന്ന മിഥുനെ ഉടന്‍ തന്നെ ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ നഷ്ടമായിരുന്നു. 

പോസ്റ്റുമോര്‍ട്ടത്തിന് ശേഷം താലൂക്ക് ആശുപത്രിയിലെ മോര്‍ച്ചറിയിലാണ് മൃതദേഹം. മിഥുന്റെ സംസ്കാരം നാളെ വൈകിട്ട് നാലിന്. മിഥുന്‍റെ അമ്മ രാവിലെ ഒന്‍പതിന് നെടുമ്പാശേരിയിലെത്തും. തേവലക്കര സ്കൂളില്‍ രാവിലെ പത്തിന് പൊതുദര്‍ശനമുണ്ടാകും. 12ന് വീട്ടില്‍ എത്തിക്കും. വൈകീട്ട് വീട്ടുവളപ്പിലായിരിക്കും സംസ്കാരം.

ENGLISH SUMMARY:

The fitness report stands as evidence of gross negligence in the incident where a student died of electric shock in Kollam. The report suggests there were no issues at the Thevalakkara school. In response to questions about the condition of the roof and basic infrastructure, the answer was "No issues." Officials who conducted the field report ignored the fact that a three-phase electric line was passing above the roof. The certificate was issued on May 29. Manorama News has obtained a copy of the report.