തേവലക്കര ബോയ്സ് ഹൈസ്കൂളില്‍ ഷോക്കേറ്റ് മരിച്ച എട്ടാം ക്ലാസ് വിദ്യാര്‍ഥി മിഥുന്‍റെ സംസ്കാര നടപടികളില്‍ ഇന്ന് തീരുമാനമുണ്ടാകും. മിഥുന്‍റെ അമ്മ വിദേശത്ത് നിന്നും നാളെ രാവിലെ മടങ്ങിയെത്തിയശേഷമാകും സംസ്കാരം. വീട്ടുജോലിക്ക് കുവൈത്തിലേക്ക് പോയ അവര്‍ വീട്ടുടമയുമായി തുര്‍ക്കിയിലേക്ക് പോയിരുന്നു. ഇന്നു അവര്‍ കുവൈത്തിലെത്തും. മിഥുന്‍റെ മരണം അന്വേഷിക്കാനായി കഴിഞ്ഞ ദിവസം ശാസ്താംകോട്ട ഡിവൈഎശ്പിയുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘം ഇന്ന് സ്കൂളിലെത്തും. അധികൃതരുടെ അനാസ്ഥയാണ് മരണത്തിനു കാരണമെന്നാരോപിച്ച് പ്രതിപക്ഷ യുവജന സംഘടനകളുടെ നേതൃത്വത്തില്‍ സ്കൂളിലേക്ക് മാര്‍ച്ച് പ്രഖ്യാപിച്ചിട്ടുണ്ട്. മിഥുന്‍റെ മൃതദേഹം ശാസ്താംകോട്ട താലൂക്ക് ആശുപ്ത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
സ്കൂള്‍ കെട്ടിടത്തോടുചേര്‍ന്ന് അനധികൃതമായി നിര്‍മിച്ച ഷെഡിന് മുകളിലെ വൈദ്യുതി ലൈനില്‍നിന്ന് ഷോക്കേറ്റാണ് പതിമൂന്നുകാരന്‍ മരിച്ചത്. കളിക്കുന്നതിനിടെ ഷെഡിനുമുകളില്‍വീണ ചെരുപ്പെടുക്കാന്‍ കയറിയപ്പോഴാണ് മിഥുന് ഷോക്കേറ്റത്. വലിയപാടം സ്വദേശി മനുവിന്റെ മകനാണ്. അസ്വഭാവിക മരണത്തിന് പൊലീസ് കേസ് എടുത്തിട്ടുണ്ട്. അപകടത്തില്‍ മാനേജ്മെന്‍റിനും കെ.എസ്.ഇ.ബി.ക്കും വീഴ്ച സംഭവിച്ചെന്ന് വൈദ്യുതി മന്ത്രി കെ. കൃഷ്ണന്‍ കുട്ടി സമ്മതിച്ചിരുന്നു.
അപകടം അങ്ങേയറ്റം ദുഃഖകരമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതികരിച്ചു. അപകടകാരണം വിശദമായി പരിശോധിക്കുമെന്നും ആവര്‍ത്തിക്കാതിരിക്കാന്‍ മുന്‍കരുതലുകള്‍ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. സംഭവത്തില്‍ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. ശാസ്താംകോട്ട ഡിവൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം അന്വേഷിക്കുമെന്ന് എസ്.പി പറഞ്ഞു.