midhun-relief

സ്കൂളിൽ വൈദ്യുതാഘാതമേറ്റു മരിച്ച എട്ടാം ക്ലാസുകാരൻ മിഥുന്റെ കുടുംബത്തിന് വൈദ്യുതി മന്ത്രി പ്രഖ്യാപിച്ച അടിയന്തര സഹായമായ അഞ്ച് ലക്ഷം രൂപ ഉദ്യോഗസ്ഥർ കുടുംബത്തിന് കൈമാറി. കെഎസ്ഇബി ചീഫ് എൻജിനീയർ അടക്കമുള്ളവരാണ് വീട്ടിലെത്തിയത്. തുടർ സഹായങ്ങൾ ആലോചിച്ചു തീരുമാനിക്കാം എന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.

‌ക്ളാസ് മുറിക്ക് മുന്നിലൂടെ പോയ വൈദ്യുതി കമ്പിയില്‍ നിന്ന് ഷോക്കേറ്റാണ് കൊല്ലം തേവലക്കര ബോയ്സ് ഹൈസ്കൂളിലെ ഏഴാം ക്ളാസ് വിദ്യാര്‍ഥി മിഥുന്‍‌ മരിച്ചത്. കളിക്കുന്നതിനിടെ തെറിച്ചുപോയ ചെരിപ്പെടുക്കാന്‍ ഷെഡിന് മുകളില്‍ കയറിയപ്പോഴാണ് വൈദ്യുതാഘാതമേറ്റത്. ഷെഡിന്‍റെ മേല്‍ക്കൂരയിലേക്ക് കയറിയ മിഥുന്‍ കാല്‍വഴുതിയതോടെ കയറിപ്പിടിച്ചത് ഷെഡിന് മുകളിലൂടെ പോകുന്ന ത്രീഫേസ് വൈദ്യുതി ലൈനിലായിരുന്നു. വൈദ്യുതാഘാതമേറ്റ് അവിടെ തന്നെ കുരുങ്ങിക്കിടന്ന മിഥുനെ ഉടന്‍ തന്നെ ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ നഷ്ടമായിരുന്നു. 

പോസ്റ്റുമോര്‍ട്ടത്തിന് ശേഷം താലൂക്ക് ആശുപത്രിയിലെ മോര്‍ച്ചറിയിലാണ് മൃതദേഹം. മിഥുന്റെ സംസ്കാരം നാളെ വൈകിട്ട് നാലിന്. മിഥുന്‍റെ അമ്മ രാവിലെ ഒന്‍പതിന് നെടുമ്പാശേരിയിലെത്തും. തേവലക്കര സ്കൂളില്‍ രാവിലെ പത്തിന് പൊതുദര്‍ശനമുണ്ടാകും. 12ന് വീട്ടില്‍ എത്തിക്കും. വൈകീട്ട് വീട്ടുവളപ്പിലായിരിക്കും സംസ്കാരം.

മിഥുന്‍റെ മരണത്തില്‍ പ്രധാന അധ്യാപികയ്ക്കും സ്കൂള്‍ മാനേജ്മെന്‍റിനും ഗുരുതരവീഴ്ച പറ്റിയെന്നാണ് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ റിപ്പോര്‍ട്ട്. സുരക്ഷാ മാനദണ്ഡങ്ങള്‍ ഉറപ്പാക്കാത്ത പ്രധാന അധ്യാപികയെ സസ്പെന്‍ഡ് ചെയ്യാന്‍ സ്കൂള്‍ മാനേജ്മെന്‍റിന് നിര്‍ദേശം നല്കിയതായി മന്ത്രി വിശിവന്‍കുട്ടി പറഞ്ഞു. എന്നാൽ സിപിഎം നേതൃത്വത്തിലുള്ള സ്കൂൾ മാനേജ്മെന്റിന്റെ പിടിപ്പു കേടിന് പ്രധാന അധ്യാപികയെ ബലിയാടാക്കിയെന്ന ആക്ഷേപവും ശക്തമാണ്. മന്ത്രിമാരായ വി ശിവൻകുട്ടിയും കെ.എൻ ബാലഗോപാലും മിഥുന്റെ വീട് സന്ദർശിച്ച് ബന്ധുക്കളെ ആശ്വസിപ്പിച്ചു. 

ENGLISH SUMMARY:

The family of Mithun, the eighth-grade student who tragically died from electrocution at school, has been given ₹5 lakh as emergency relief, as promised by the Electricity Minister. The amount was handed over by senior KSEB officials, including the Chief Engineer, who visited the family. Further support measures will be considered in due course.