കോഴിക്കോട്ടെ വിലങ്ങാട്ട് ഉരുളെടുത്ത ഭൂമിയില്‍ ഇപ്പോഴും 25 കുടുംബങ്ങള്‍. വീട് തകര്‍ന്നില്ലെന്ന കാരണം പറഞ്ഞ് പുനരധിവാസം നിഷേധിച്ചപ്പോള്‍ ഉരുള്‍പൊട്ടല്‍ സാധ്യത നിലനില്‍ക്കുന്ന അതേ സ്ഥലത്ത് തന്നെ ജീവന്‍ കൈയില്‍പിടിച്ച് കഴിയേണ്ട ഗതികേടിലാണ് ഈ പാവങ്ങള്‍. ദുരന്തമുണ്ടായി ഒരുവര്‍ഷം തികയുമ്പോഴാണ് ഈ കാഴ്ചയെന്ന് ഓര്‍ക്കണം.
"പേടി കാരണം ഹൃദയമിടിപ്പ് കൂടും, മുതിർന്നവർ മാത്രമാണോ, കുട്ടികളെയും എടുത്ത് ഓടേണ്ടേ, ആർക്കും വേണ്ടാത്ത കുറെ ജന്മങ്ങളായി ഇവിടെ കിടക്കുന്നു," എന്ന് നാട്ടുകാരനായ സജി നിസഹായതയോടെ പറയുന്നു.
ഭീതിയും സങ്കടവും നിസഹായാവസ്ഥയുമെല്ലാം ഉണ്ട് ഈ വാക്കുകളില്‍. മാനത്ത് മഴ കൊള്ളുമ്പോള്‍ കുട്ടികളെയും എടുത്ത് ഓടും. കഴിഞ്ഞ വര്‍ഷത്തെ ഉരുള്‍പൊട്ടലില്‍ ഭാഗികമായി വീട് നഷ്ടപ്പെട്ടവര്‍ക്ക് പോലും സര്‍ക്കാരിന്‍റെ സഹായം കിട്ടി. ചുറ്റും ഉരുള്‍പൊട്ടിയിട്ടും വീടിന് കേടുപറ്റിയില്ലെന്ന് പറഞ്ഞാണ് 25 ഓളം കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ സഹായം നിഷേധിച്ചത്. മാറിത്താമസിക്കാന്‍ വഴിയില്ലാത്തതിനാല്‍ ഇപ്പോഴും അതേ സ്ഥലത്ത് അതേ വീടുകളില്‍ കഴിയുകയാണ് ഇവരെല്ലാം.
"വീടിന് ഒന്നും സംഭവിച്ചിട്ടില്ല, വീടിന്റെ 10 മീറ്റർ അപ്പുറവും 20 മീറ്റർ ഇപ്പുറവും ഉരുൾ എടുത്ത് പോയി, ആ കാരണത്താൽ ഞങ്ങളെ ഒന്നിലും ഉൾപ്പെടുത്തിയില്ല," എന്ന് മറ്റൊരു നാട്ടുകാരനായ ജോണി പറയുന്നു.
മഴ ശക്തമാകുമ്പോള്‍ ദുരിതാശ്വാസ ക്യാംപിലേക്ക് മാറാന്‍ പറയും. കിടപ്പു രോഗികള്‍ ഉള്ള വീട്ടുകാര്‍ക്ക് അപ്പോഴും നിസഹായരായി നോക്കി നില്‍ക്കാനേ കഴിയൂ. ഇതിനിടെ ഒരായുസ് മുഴുവന്‍ സ്വരുക്കൂട്ടിയത് മുഴുവന്‍ ഉപേക്ഷിച്ച് ജീവനും കൈയ്യില്‍ പിടിച്ച് എങ്ങോട്ടെന്നില്ലാതെ പലായനം ചെയ്യുന്നവരമുണ്ട്.