കൊല്ലം തേവലക്കരയിൽ സ്കൂളിൽ നിന്നും ഷോക്കേറ്റ് വിദ്യാര്‍ഥി മരിച്ചതില്‍ പ്രതിഷേധം ശക്തമാക്കി വിവിധ സംഘടനകള്‍. മിഥുന്റെ മരണത്തിൽ തേവലക്കര സ്കൂൾ മാനേജ്മെന്റിനും കെ.എസ്.ഇ.ബിക്കും മന്ത്രിക്കുമെതിരെ വിവിധ സംഘടനകൾ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തി.
കൊല്ലം തേവലക്കര സ്കൂളിലേക്ക് ബി.ജെ.പി.-യുവമോർച്ച നടത്തിയ മാർച്ച് സംഘർഷത്തിൽ കലാശിച്ചു. പ്രതിഷേധക്കാർ ബാരിക്കേഡിന് മുകളിൽ കയറുകയും സ്കൂൾ കവാടത്തിലേക്ക് തള്ളിക്കയറാൻ ശ്രമിക്കുകയും ചെയ്തതോടെ പൊലീസുമായി ഉന്തും തള്ളുമുണ്ടായി. പ്രവർത്തകരെ അറസ്റ്റ് ചെയ്ത് നീക്കാൻ ശ്രമിച്ചെങ്കിലും വഴങ്ങാതെ സ്കൂളിന് മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു.
ഇതിന് പുറമെ, തേവലക്കര സ്കൂളിലേക്ക് കെ.എസ്.യു. നടത്തിയ മാർച്ചും അക്രമാസക്തമായിരുന്നു. ബാരിക്കേഡ് മറിച്ചിടാൻ ശ്രമിച്ച കെ.എസ്.യു. പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. സ്ഥലത്ത് സംഘർഷാവസ്ഥ കനത്തു. ആർ.വൈ.എഫും തേവലക്കര സ്കൂളിലേക്ക് മാർച്ച് നടത്തിയിരുന്നു. പൊലീസുമായി ഉന്തും തള്ളുമുണ്ടാക്കിയ പത്ത് ആർ.വൈ.എഫ്. പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി.
അതേസമയം, പാലക്കാട്ട് വൈദ്യുതി മന്ത്രിയുടെ ഓഫീസിലേക്ക് ബി.ജെ.പി. പ്രതിഷേധ മാർച്ച് നടത്തി. പ്രവർത്തകർ ബാരിക്കേഡുകൾ മറിച്ചിടാൻ ശ്രമിച്ചതോടെ പൊലീസ് പലവട്ടം ജലപീരങ്കി പ്രയോഗിച്ച് പ്രതിഷേധക്കാരെ പിരിച്ചുവിടാൻ ശ്രമിച്ചു.