തേവലക്കര സ്കൂളിലെ മിഥുന്റെ മരണവുമായി ബന്ധപ്പെട്ട് താൻ നടത്തിയ ചില പരാമർശങ്ങളിൽ ഖേദമുണ്ടെന്ന് മന്ത്രി ജെ. ചിഞ്ചുറാണി. പരാമർശം താൻ ഒഴിവാക്കേണ്ടതായിരുന്നെന്നും, പെട്ടെന്ന് പറഞ്ഞപ്പോൾ വാക്കുകൾ മാറിപ്പോയതാണെന്നും ചിഞ്ചുറാണി പ്രതികരിച്ചു. മിഥുന്റെ വീട്ടിലെത്തിയ മന്ത്രി ചിഞ്ചുറാണി മുത്തശ്ശി മണിയമ്മ, അച്ഛൻ മനു, അനിയൻ സുജിൻ എന്നിവരെയെല്ലാം ആശ്വസിപ്പിച്ചു.
നേരത്തെ, കൊല്ലം തേവലക്കരയിൽ സ്കൂളിൽ ഷോക്കേറ്റ് മരിച്ച വിദ്യാർത്ഥിയെ പഴിച്ചും അധ്യാപകരെ തുണച്ചുമുള്ള മന്ത്രിയുടെ പ്രസ്താവന വിവാദമായിരുന്നു. സഹപാഠികൾ പറഞ്ഞിട്ടും മിഥുൻ ഷീറ്റിന് മുകളിൽ വലിഞ്ഞുകയറിയെന്ന് മന്ത്രി പറഞ്ഞിരുന്നു. മിഥുന്റെ ദാരുണാന്ത്യത്തിൽ നാട് മുഴുവൻ ദുഃഖത്തിലാണ്ടപ്പോൾ കൊച്ചിയിലെ പാർട്ടി പരിപാടിയിൽ സൂംബ നൃത്തം ചെയ്ത മന്ത്രിയുടെ നടപടിയും വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു.
കുട്ടികളുടെ അനുസരണക്കേടിനെ പഴിച്ചുകൊണ്ടാണ് മന്ത്രി തുടങ്ങിത്, മരിച്ച മിഥുൻ ഉൾപ്പെടെയുള്ള കുട്ടികൾ പന്തുകൊണ്ടല്ല ചെരുപ്പുകൊണ്ടാണ് കളിച്ചതെന്നും മന്ത്രി. അപകടം, വരുത്തിവെച്ച വിന എന്ന മട്ടിലായിരുന്നു മന്ത്രിയുടെ തുടർ പ്രസംഗം. അധ്യാപകരെ കുറ്റംപറയാനാകില്ലെന്ന് മന്ത്രി വീണ്ടും വീണ്ടും ആവർത്തിക്കുകയും ചെയ്തിരുന്നു. ഈ പരാമർശങ്ങളെല്ലാം വലിയ വിമർശനങ്ങൾക്ക് വഴിവെച്ച സാഹചര്യത്തിലാണ് മന്ത്രിയുടെ ഖേദപ്രകടനം.