കൊല്ലം തേവലക്കരയില്‍ സ്കൂളില്‍ ഷോക്കേറ്റ് മരിച്ച വിദ്യാര്‍ഥിയെ പഴിച്ചും അധ്യാപകരെ തുണച്ചും മന്ത്രി ജെ. ചിഞ്ചുറാണി. സഹപാഠികള്‍ പറഞ്ഞിട്ടും മിഥുന്‍ ഷീറ്റിന് മുകളില്‍ വലിഞ്ഞുകയറിയെന്ന് മന്ത്രി. മിഥുന്‍റെ ദാരുണാന്ത്യത്തില്‍ നാട് മുഴുവന്‍ ദുഃഖത്തിലാണ്ടപ്പോള്‍ കൊച്ചിയിലെ പാര്‍ട്ടി പരിപാടിയില്‍ സൂംബ നൃത്തം ചെയ്ത മന്ത്രിയുടെ നടപടി വിവാദമായി. മന്ത്രിയുടെ വാക്കുകള്‍ ഇങ്ങനെ, 

'ഒരു പയ്യന്‍റെ ചെരിപ്പാണ്.. ആ പയ്യനാ ചെരുപ്പെടുക്കാൻ ഷെഡിന്‍റെ മുകളില്‍ കയറി...  ചെരിപ്പെടുക്കാന്‍ പോയപ്പോള്‍ കാലൊന്ന് തെന്നി പെട്ടെന്ന് കേറി  പിടിച്ചത് വലിയ കമ്പിയിലാണ്. ഇതിലാണ് കറണ്ട് കടന്നു വന്നത്.  ആ കുഞ്ഞ്  അപ്പോഴേ മരിച്ചു. അത് അധ്യാപകരുടെ കുഴപ്പമൊന്നുമില്ല പക്ഷെ നമ്മുടെ കുഞ്ഞുങ്ങൾ കളിച്ചു കളിച്ചു ഇതിന്‍റെ മുകളിൽ ഒക്കെ ചെന്ന് കേറുമ്പോൾ ഇത്രയും ആപല്‍കരമായിട്ടുള്ള സംഭവങ്ങൾ ഉണ്ടാകുമ്പോൾ നമ്മള്‍  അന്താളിച്ച് പോകും. രാവിലെ സ്കൂളില്‍ ഒരുങ്ങി പോയ കുഞ്ഞാണ്.. കുഞ്ഞ് മരിച്ചു വരുന്ന അവസ്ഥ. പക്ഷേ നമുക്ക് അധ്യാപകരെ  പറയാൻ പറ്റില്ല. അവിടെ കയറരുതെന്ന് സഹപാഠികള്‍ പറഞ്ഞിട്ട് പോലും അവന്‍ അവിടെ കയറി'

മന്ത്രിയുടെ സ്വന്തം ജില്ലയിലാണ് വിദ്യാര്‍ഥി സ്കൂളില്‍വെച്ച് ഷോക്കേറ്റ് മരിച്ച ദാരുണ സംഭവം. കൊല്ലത്ത് പ്രതിഷേധം കൊടുമ്പിരികൊണ്ട് നില്‍ക്കുന്നതിനിടെയാണ് സിപിഐ വനിത സംഗമത്തില്‍ പങ്കെടുക്കാന്‍ കൊച്ചിയിലെത്തിയത്. സാമൂഹിക ജീര്‍ണതയ്ക്കെതിരെയെന്ന തലക്കെട്ടോടെ സംഘടിപ്പിച്ച പരിപാടിയില്‍ സൂംബ നൃത്തതോടെയായിരുന്നു തുടക്കം. നേതാകള്‍ക്കും അണികള്‍ക്കുമൊപ്പം മന്ത്രിയുടെ നൃത്തം. ഇതിന് പിന്നാലെ സംഗമം ഉദ്ഘാടനം ചെയ്തുള്ള പ്രസംഗത്തിലാണ് കുട്ടികളുടെ അനുസരണക്കേടിനെ പഴിച്ചുകൊണ്ട് മന്ത്രി തുടങ്ങിയത്. മരിച്ച മിഥുന്‍ ഉള്‍പ്പെടെയുള്ള കുട്ടികള്‍ പന്തുകൊണ്ടല്ല ചെരുപ്പുകൊണ്ടാണ് കളിച്ചതെന്നും മന്ത്രി.

അപകടം, വരുത്തിവെച്ച വിന എന്ന മട്ടില്‍ മന്ത്രിയുടെ തുടര്‍ പ്രസംഗം. അധ്യാപകരെ കുറ്റംപറയാനാകില്ലെന്ന് വീണ്ടും വീണ്ടും ആവര്‍ത്തിച്ചു മന്ത്രി. മിഥുന്‍റെ മരണത്തിലെ ഉത്തരവാദിത്വം കെഎസ്ഇബിയടക്കം ഏറ്റെടുത്തപ്പോളാണ് നിരുത്തരവാദപരമായ മന്ത്രിയുടെ പ്രസ്താവന.

ENGLISH SUMMARY:

Kerala Minister Chinchu Rani has sparked controversy by stating that 13-year-old Mithun, who died of electrocution at Tevalakkara school, climbed onto the shed despite classmates' warnings. This contradicts Electricity Minister K. Krishnankutty's earlier admission of lapses by the school and KSEB.