കേരള രാഷ്ട്രീയത്തിലെ കുലീന വ്യക്തിത്വമായിരുന്നു സി.വി.പത്മരാജന്‍. ചാത്തന്നൂര്‍ ബ്ലോക്ക് പ്രസിഡന്‍റായി രാഷ്ട്രീയ ജീവിതം ആരംഭിച്ച പത്മരാജന്‍ പടിപടിയായി വളര്‍ന്നാണ് കെപിസിസി പ്രസിഡന്‍റ് പദത്തിലെത്തുന്നത്. ധനം വൈദ്യുതി കയര്‍ തുടങ്ങി സുപ്രധാന വകുപ്പുകള്‍ ചെയ്തിരുന്ന മന്ത്രിയായ അദ്ദേഹം കരുണാകരന്‍ ചികില്‍സാര്‍ഥം അമേരിക്കയിലേക്ക് പോയപ്പോള്‍ ആക്ടിങ്ങ് മുഖ്യമന്ത്രിയുമായി.
1931ല്‍ കൊല്ലം പരവൂര്‍ കോട്ടപ്പുറത്ത് ജനിച്ച സി.വി.പത്മരാജന്‍ അധ്യാപകനായും അഭിഭാഷകനായും അറിയപ്പെട്ട ശേഷമാണ് കോണ്‍ഗ്രസ് രാഷ്ട്രീയത്തിലെത്തുന്നത്. ചാത്തന്നൂര്‍ ബ്ലോക്ക് പ്രസിഡന്‍റായി തുടങ്ങിയ അദ്ദേഹം ഡിസിസി വൈസ് പ്രസിഡന്‍റ്, പ്രസിഡന്‍റ് എന്നീ ചുമതലകള്‍ വഹിച്ച ശേഷമാണ് 1983 ല്‍ കെപിസിസി പ്രസിഡന്‍റാകുന്നത്. 83 മുതല്‍ 87 വരെ കെപിസിസി പ്രസിഡന്‍റായിരുന്നു. 82 ലും 91 ലും ചാത്തന്നൂരില്‍ നിന്നും നിയമസഭാംഗമായി തെരഞ്ഞെടുക്കപ്പെട്ടു.
82 ല്‍ കരുണാകരന്‍ മന്ത്രിസഭയില്‍ ഗ്രാമവികസന ഫിഷറീസ് മന്ത്രിയായി. മന്ത്രിസ്ഥാനം രാജിവെച്ചാണ് പിന്നീട് കെപിസിസി പ്രസിഡന്‍റാകുന്നത്. 87 ല്‍ തോറ്റെങ്കിലും 91 ല്‍ വിജയിച്ച് വൈദ്യുതി കയര്‍ വകുപ്പ് മന്ത്രിയായി.
കരുണാകരന്‍ അപകടത്തില്‍ പെട്ട് അമേരിക്കയിലേക്ക് ചികില്‍സയ്ക്ക് പോയപ്പോഴാണ് ആക്ടിങ്ങ് മുഖ്യമന്ത്രിയാകുന്നത്. 94 ല്‍ എ.കെ. ആന്‍റണി മന്ത്രിസഭയില്‍ ധനം, കയര്‍, ദേവസ്വം വകുപ്പ് മന്ത്രിയായി. പിന്നീട് പ്ലാനിങ്ങ് ബോര്‍ഡ് വൈസ് ചെയര്‍മാനുമായി. സംസ്ഥാനം കണ്ട ഏറ്റവും മികച്ച സഹകാരികളില്‍ ഒരാളായിരുന്ന പത്മരാജന്‍ ഈ അടുത്ത കാലത്താണ് അര്‍ബന്‍ സഹകരണ പ്രസിഡന്‍റ് സ്ഥാനം ഒഴിഞ്ഞത്. രാഷ്ട്രീയത്തില്‍ സജീവമായ കാലം തൊട്ട് എല്ലാവര്‍ക്കും പത്മരാജന്‍ , പത്മരാജന്‍ സാറും, വക്കീലുമായിരുന്നു.