പൊതുവിപണിയിൽ നാനൂറൂം കടന്ന് വെളിച്ചെണ്ണ വില കുതിക്കുമ്പോൾ, സപ്ലൈകോ ഔട്ട്ലെറ്റുകളിൽ 329 രൂപയേ ഉള്ളൂ. എന്നാൽ, വിലക്കുറവ് ഉണ്ടെന്ന് കരുതി സപ്ലൈകോ ഔട്ട്ലെറ്റുകളിലേക്ക് പോയിട്ടും കാര്യമില്ല. ഇവിടെ വെളിച്ചെണ്ണയേ ഇല്ല.
സപ്ലൈകോയിൽ ഒരു ലിറ്റർ വെളിച്ചെണ്ണയ്ക്ക് 329.70 രൂപ. പൊതു വിപണിയിൽ നിന്ന് നൂറിലധികം രൂപയുടെ വ്യത്യാസം. പക്ഷേ, സപ്ലൈകോയിൽ എത്തിയപ്പോൾ വെളിച്ചെണ്ണ ഇരുന്ന തട്ട് കാലി. മാസങ്ങളായി വെളിച്ചെണ്ണ കിട്ടുന്നില്ലെന്ന്, കൊച്ചി ഗാന്ധി നഗർ ഔട്ട്ലെറ്റിലെ സ്ഥിരം ഉപഭോക്താവ്.
ഇങ്ങനെയൊക്കെയാണെങ്കിലും, വെളിച്ചെണ്ണ വില പിടിച്ചുനിർത്താൻ ശ്രമിക്കുന്നുണ്ടെന്നാണ് സപ്ലൈകോയുടെ വാദം. അതിന്റെ ഭാഗമായി ടെൻഡർ നടപടികൾ തുടങ്ങി. പതിവിന് വിരുദ്ധമായി കേരളത്തിന് പുറത്തുനിന്നുള്ള വെളിച്ചെണ്ണ വിതരണക്കാർക്കും ടെൻഡറിൽ പങ്കെടുക്കാം. നടപടികൾ എല്ലാം പൂർത്തിയാക്കി, ഔട്ട്ലെറ്റുകളിൽ വെളിച്ചെണ്ണ എത്താൻ ഇനിയും ദിവസങ്ങൾ എടുത്തേക്കാം.