TOPICS COVERED

കേരള സർവകലാശാല റജിസ്ട്രാര്‍ക്ക് ഔദ്യോഗിക വാഹനം നൽകരുതെന്ന വിസിയുടെ നിർദ്ദേശം ഉദ്യോഗസ്ഥർ തള്ളി. സർവകലാശാലയിൽ സുരക്ഷ വർദ്ധിപ്പിക്കണമെന്ന ബി ജെ പി സിൻഡിക്കേറ്റ് അംഗങ്ങളുടെ ഹർജിയിൽ വിമർശനവും ചോദ്യങ്ങളും  ഉന്നയിച്ച ഹൈക്കോടതി തിങ്കളാഴ്ച സത്യവാങ്മൂലം സമർപ്പിക്കാൻ നിർദേശം നൽകി. ഈ മാസം തന്നെ സിന്‍ഡിക്കേറ്റ് വിളിക്കണമെന്ന് ഇടത് അംഗങ്ങള്‍ ആവശ്യപ്പെട്ടു.  

റജിസ്ട്രാർ ഡോ കെ എസ് അനിൽകുമാർ ഔദ്യോഗിക വാഹനം ഉപയോഗിക്കുന്നത് തടയണമെന്നായിരുന്നു വിസിയുടെ നിര്‍ദേശം.  സെക്യൂരിറ്റി ഓഫീസറോട് ഡ്രൈവറിൽ നിന്നും താക്കോൽ വാങ്ങിക്കാന്‍ നിര്‍ദേശിച്ചു.  പക്ഷേ  ഡോ മോഹനൻ കുന്നുമ്മലിന്‍റെ നിർദ്ദേശങ്ങൾ സർവകലാശാല ഉദ്യോഗസ്ഥർ തള്ളി. ഔദ്യോഗിക വാഹനത്തിൽ തന്നെ റജിസ്ട്രാർ  ഓഫീസിലെത്തി.

വൈസ് ചാൻസലർക്ക് സർവകലാശാല ആസ്ഥാനത്ത് പ്രവേശിക്കാൻ കഴിയാത്ത സാഹചര്യമാണ് നിലനിൽക്കുന്നതെന്ന് ആരോപിച്ച്  ബിജെപി സിൻഡിക്കേറ്റ് അംഗങ്ങൾ രംഗത്തെത്തി. എന്നാൽ ഇതേ ആവശ്യവുമായി ബിജെപിയുടെ സിന്‍ഡിക്കേറ്റ് അംഗങ്ങള്‍ പോയപ്പോള്‍ ഹൈക്കോടതി രൂക്ഷമായി വിമര്‍ശിച്ചു . പോലിസ് സംരക്ഷണത്തിന്‍റെ സാഹചര്യമെന്തെന്ന് കോടതി ചോദിച്ചു. എന്ത്  ഭീഷണിയാണ് സിന്‍ഡിക്കറ്റ് അംഗം നേരിട്ടത്. ഭയമുണ്ടെന്ന കാരണത്താല്‍ മാത്രം പൊലീസ് സംരക്ഷണം നല്‍കാനാവില്ല. സര്‍വകലാശാലയില്‍ സംഭവിച്ചതിനെക്കുറിച്ച് കോടതിക്ക് ധാരണയുണ്ട്. പ്രശ്നം  നേരിട്ട തീയതിയും സമയവും ഉൾപ്പെടെ  സത്യവാങ്മൂലം നല്‍കണം.

പ്രശ്നങ്ങള്‍ ചര്‍ച്ചചെയ്യാന്‍ സിന്‍ഡേക്ക്റ്റ് വിളിച്ചുചേര്‍ക്കാത്തത്  ഗൂഢാലോചനയാണെന്ന് ആരോപിച്ച്  ഇടത് അംഗങ്ങള്‍ രംഗത്തെത്തി. സിപിഎമ്മും സംഘപരിവാറും കൈകോര്‍ത്ത് സര്‍വകലാശാലയെ കുളമാക്കിയെന്നാരോപിച്ച് കെ.എസ്.യു പ്രതിഷേധവും അരങ്ങേറി.  

ENGLISH SUMMARY:

Kerala University officials have rejected the Vice Chancellor's directive to withhold an official vehicle for the Registrar. Meanwhile, in response to a petition filed by BJP syndicate members seeking enhanced campus security, the High Court criticized the university's stance and directed it to file an affidavit by Monday. Left-aligned syndicate members have also demanded that a syndicate meeting be convened within this month to address the growing concerns.