അഞ്ച് മാസത്തിനിടെ സംസ്ഥാനത്ത് തെരുവുനായയുടെ കടിയേറ്റത് രണ്ട് ലക്ഷത്തിലേറെ പേര്‍ക്ക്. കുട്ടികളടക്കം ഇരുപത് പേരുടെ ജീവനും നഷ്ടമായി. നായ പ്രതിരോധത്തിനായി ആകെയുള്ളത് അഞ്ച് എ.ബി.സി കേന്ദ്രങ്ങള്‍ മാത്രം. നായപ്പേടിയില്‍ ജനങ്ങള്‍ പുറത്തിറങ്ങാന്‍ മടിക്കുന്നതിനിടെ പ്രതിരോധ നടപടികള്‍ ചര്‍ച്ചചെയ്യാനുള്ള സര്‍ക്കാരിന്‍റെ അവലോകനയോഗം ഇന്ന്. ഒരുവര്‍ഷത്തിനിടെ ആദ്യമായാണ് തദ്ദേശ, മൃഗസംരക്ഷണ വകുപ്പ് മന്ത്രിമാര്‍ ഒരുമേശയുടെ ചുറ്റുമിരിക്കുന്നത്.
അപകടകാരികളെന്നും നായ്ക്കളെ കൊല്ലാൻ നിയമം അനുവദിക്കുന്നില്ലെന്നും പ്രതിരോധം ശ്രമകരമെന്നും പറയുന്നതിനിടയിൽ ഒരാള്‍ക്കെങ്കിലും നായയുടെ കടിയേറ്റിട്ടുണ്ടാവാമെന്നാണ് കണക്ക്. നിസാരമായി കാണുന്നത് പിന്നീട് ജീവഹാനിക്ക് വരെ കാരണമായേക്കാമെന്നതും യാഥാര്‍ഥ്യം. കർഷകന്‍റെ കണ്ണീരിനിടയാക്കുന്ന കാട്ടുപന്നികളെ വെടിയുതിർത്ത് വക വരുത്താമെങ്കിൽ അതേമട്ടിൽ ഉപദ്രവകാരികളായ നായ്ക്കളെയും കൊല്ലാമെന്ന നിയമത്തിന് സാധുതയുണ്ടെന്ന വാദം ഉയരുന്നുണ്ട്. എ.ബി.സി കേന്ദ്രങ്ങൾ പ്രവർത്തിപ്പിക്കാൻ കേന്ദ്ര സർക്കാരിന്‍റെ മാനദണ്ഡങ്ങൾ തടസമെന്ന വാദം നിരത്തി ഒഴിഞ്ഞുമാറുക മാത്രമാണ് സംസ്ഥാനം ചെയ്യുന്നത്. തദ്ദേശ മന്ത്രിയാകട്ടെ ഉത്തരവാദിത്തമെല്ലാം സംസ്ഥാനത്തിന് മാത്രമല്ലെന്ന് നിരന്തരം പറഞ്ഞ് കൊണ്ടേയിരിക്കുന്നു.
മികച്ചനിലയില്‍ പ്രവര്‍ത്തിച്ചിരുന്ന എ.ബി.സി കേന്ദ്രങ്ങള്‍ പലതും പൂട്ടി. ബദല്‍ സൗകര്യങ്ങള്‍ കണ്ടെത്താന്‍ സര്‍ക്കാരിന് മുന്നില്‍ കടമ്പകളേറയെന്നാണ് വാദം. പലയിടത്തും പ്രാദേശിക ഭരണകൂടവും നാട്ടുകാരുടെ പ്രതിഷേധവും തടസമുണ്ടാക്കുന്നുവെന്നാണ് രക്ഷപ്പെടാന്‍ പറയുന്ന വഴികള്‍. നാട്ടുകാരെക്കൂടി വിശ്വാസത്തിലെടുത്ത് കേന്ദ്രം നടപ്പാക്കാന്‍ കഴിയാത്തത് അലംഭാവത്തിന് ഉദാഹരണമെന്നാണ് ആക്ഷേപം. നിയമപരമായ വഴികളിലൂടെ സര്‍ക്കാര്‍ നീങ്ങുമെന്ന് പറയുമ്പോഴും കൂട്ടായ തീരുമാനങ്ങള്‍ക്കായി യോജിച്ച പ്രവര്‍ത്തനമില്ലെന്നതാണ് വിമര്‍ശനം.