TOPICS COVERED

ആദായ നികുതി റീഫണ്ട് വെട്ടിപ്പ് കേരളത്തിലും വ്യാപകമെന്ന് ആദായ നികുതി വകുപ്പിന്റെ കണ്ടെത്തൽ. കമ്മിഷൻ വ്യവസ്ഥയിൽ തട്ടിപ്പിന് നേതൃത്വം നൽകുന്ന ഐ.ടി പ്രാക്ടീഷണേഴ്സായ ഏജന്റുമാർക്കെതിരെ നിയമനടപടിക്ക് നീക്കം. അർഹതപ്പെടാത്ത റീഫണ്ട് സ്വീകരിച്ചവർക്ക്  കനത്ത പിഴ ചുമത്തും മുൻപ് തിരുത്താൻ അവസരം.

രാജ്യവ്യാപകമായി കോടികളാണ് ആദായനികുതി റീഫണ്ട് എന്ന പേരിൽ വെട്ടിപ്പ് നടത്തുന്നത്. നികുതിദായകർ അറിഞ്ഞും അറിയാതെയും ഈ വെടിപ്പിന്റെ ഭാഗമാകുന്നുണ്ട്. വിവിധ സ്വകാര്യ കമ്പനിയിലെ ജീവനക്കാർമുതൽ കേന്ദ്ര, സംസ്ഥാന സർക്കാർ ജീവനക്കാർ വരെ റീഫണ്ട് തട്ടിപ്പ് നടത്തുന്നുണ്ടെന്നാണ് കണ്ടെത്തൽ. ഇത്തരത്തിലുള്ള തട്ടിപ്പിന്റെ ചുവട് പിടിച്ചുള്ള അന്വേഷണത്തിലാണ് വെട്ടിപ്പിന്റെ ബുദ്ധികേന്ദ്രങ്ങളായ അഞ്ച് ടാക്സ് പ്രാക്ടീഷണേഴ്സിനെ ആദായനികുതി വകുപ്പ് കണ്ടെത്തിയത്. ആലപ്പുഴ, തൃശൂര്‍, പാലക്കാട്, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലുള്ള ഈ ഏജന്റുമാരുടെ സങ്കേതങ്ങളിൽ നടത്തിയ റെയ്ഡിൽ വെട്ടിപ്പിന്റെ തെളിവുകളും ലഭിച്ചു. കേരളത്തിലിരുന്ന് രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലുള്ളവർക്ക് വെട്ടിപ്പ് നടത്താൻ.

കമ്മിഷന്‍ വാങ്ങി തെറ്റായ ആദായനികുതി റിട്ടേണ്‍ തയാറാക്കി നൽകുകയായിരുന്നു ഇവർ. ഫയലിങ് ചാർജിന് പുറമെ വെട്ടിപ്പിലൂടെ നികുതിദായകന്റെ പോക്കറ്റിൽ വീഴുന്ന റീഫണ്ട് തുകയുടെ പത്ത് ശതമാനവും ഏജന്റുമാർ പോക്കറ്റിലാക്കും. കേരളത്തിൽ കൂടുതൽ ഏജന്‍റുമാർ ആദായ നികുതി വകുപ്പിന്റെ നിരീക്ഷണത്തിലാണ്. ഏജന്‍റുമാർക്കെതിരെ പിഴ ചുമത്തുന്നതിന് പുറമെ പ്രോസിക്യൂഷൻ നടപടിയുമുണ്ടാകും. വെട്ടിപ്പിലൂടെ റീഫണ്ട് പോക്കറ്റിലാക്കിയതായി കണ്ടെത്തിയാൽ നികുതിദായകർക്കും കനത്ത പിഴ ചുമത്തും. ശിക്ഷയിൽ നിന്നൊഴിവാകാൻ നികുതിദായകർക്ക് അവസരം നൽകുകയാണ് ഐടി വകുപ്പ്. ഇ ഫയലിങ് പോർട്ടലിൽ അപ്ഡേഷൻ ഓപ്ഷൻ വഴി പിഴവുകൾ തിരുത്താം. സ്വന്തമായി കഴിയുന്നില്ലെങ്കിൽ ആദായനികുതി ഓഫീസുകളിലെ ആയ്കർ സേവാ കേന്ദ്രങ്ങളെയും ബന്ധപ്പെടാം. 

ENGLISH SUMMARY:

The Income Tax Department has found that fraudulent tax refund claims are widespread in Kerala as well. Legal action is being initiated against IT practitioners and agents who orchestrated the scam on a commission basis. Individuals who received ineligible refunds have been warned of heavy penalties, but are being given a chance to correct their filings.