കോഴിക്കോട് നഗരത്തിലും മലയോരമേഖലകളിലും ശക്തമായ മഴ. കുറ്റ്യാടി, തൊട്ടില്‍പ്പാലം, കടന്ത്രറ പുഴ, പശുക്കടവ് പുഴകളില്‍ മലവെള്ളപ്പാച്ചിലുണ്ടായി. പുഴകളില്‍ ജലനിരപ്പ് ഉയര്‍ന്നതോടെ തീരത്തുള്ള 25 കുടുംബങ്ങളെ ക്യാംപുകളിലേക്ക് മാറ്റി. തൊട്ടില്‍പാലം മുള്ളന്‍കുന്ന് റോഡില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് ഗതാഗതം തടസപ്പെട്ടു
വിലങ്ങാട് അങ്ങാടിയിലെ കടകളിലും വെള്ളം കയറി. ഈങ്ങാപ്പുഴ ദേശീയപാതയിലും വെള്ളക്കെട്ടുണ്ടായതിനെ തുടര്‍ന്ന് ഗതാഗതം തടസപ്പെട്ടു. ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ ജില്ലയില്‍ നാളെ സ്കൂളുകള്‍ക്ക് കലക്ടര്‍ അവധി പ്രഖ്യാപിച്ചു.
അതേസമയം, സംസ്ഥാനത്ത് മഴ കനക്കുന്നു. ഏഴു ജില്ലകളില്‍ ഒാറഞ്ച് അലര്‍ട്ടും ഏഴുജില്ലകളില്‍ യെലോ അലര്‍ട്ടും പ്രഖ്യാപിച്ചു. ഇടുക്കി, എറണാകുളം, തൃശൂര്‍, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് അതിശക്തമായ മഴക്കുള്ള ഒാറഞ്ച് അലര്‍ട്ട് നല്‍കിയിട്ടുള്ളത്. മറ്റെല്ലാ ജില്ലകളിലും യെലോ അലര്‍ട്ടാണ്. ഞായറാഴ്ച വരെ സംസഥാനത്ത് ശക്തമായ മഴ തുടരും.
ശനിയാഴ്ചവരെ കേരള തീരത്ത് മീന്‍പിടിത്തം വിലക്കിയിട്ടുണ്ട്. ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കോഴിക്കോട്, വയനാട്, കാസര്‍കോട്, കണ്ണൂര്‍, തൃശൂര്‍ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി പ്രഖ്യാപിച്ചു.