കോഴിക്കോട്ടെ ലോറി ഡ്രൈവര്‍ അര്‍ജുന്‍ കര്‍ണാടകയിലെ ഷിരൂരിലുണ്ടായ മണ്ണിടിച്ചിലില്‍ പൊലിഞ്ഞിട്ട് ഇന്ന് ഒരു വര്‍ഷം. കേരളവും കര്‍ണാടകവും സംയുക്തമായി നടത്തിയ സമാനതകളില്ലാത്ത തിരച്ചിലില്‍ എഴുപത്തി രണ്ടാം ദിവസമാണ് അര്‍ജുന്‍റെ ശരീരഭാഗങ്ങളും ലോറിയും സമീപത്തെ ഗംഗാവലി പുഴയില്‍ നിന്ന് കണ്ടെടുത്തത്. കണ്ണാടിക്കലിലെ വീട്ടുവളപ്പില്‍ അര്‍ജുന്‍ എരിഞ്ഞടങ്ങിയ ആ പകല്‍ ഒരോ മലയാളിക്കും ഇന്നും കണ്ണീരോര്‍മ്മയാണ്.
മലയാളിയുടെ കണ്ണുകള്‍ ഷിരൂരില്‍ ഉറഞ്ഞുപോയ 71 നാളുകള്‍. അര്‍ജുന്‍ നമുക്ക് സഹോദരനോ മകനോ ആയി മാറിയ നിമിഷങ്ങള്‍. ഗംഗാവലി പുഴയുടെ ആഴങ്ങളില്‍ നിന്ന് ലോറിയും ശരീരാവശിഷ്ടങ്ങളും കണ്ടെടുക്കുമ്പോള്‍ കണ്ണുനിറച്ചത് അര്‍ജുന്‍ മകന്‍ അയാനായി വാങ്ങിയ ഈ കളിപ്പാട്ടലോറിയായിരുന്നു. ജൂലൈ 16. കനത്തമഴയുള്ള ദിവസം. അന്നും പതിവുപോലെ തടി കയറ്റി കോഴിക്കോട്ടേക്ക് വരികയായിരുന്നു അര്‍ജുന്‍ രാവിലെ എട്ടേകാലോടെ ഷിരൂരില്‍ വിശ്രമിക്കാനായി ഇറങ്ങി. പിന്നാലെ വന്‍തോതില്‍ മണ്ണിടിച്ചില്‍ . സമീപത്തെ ചായക്കടയടക്കം ഒന്നാകെ തുടച്ചുനീക്കപ്പെട്ടു. അര്‍ജുനും ലോറിയും മണ്ണിടിച്ചിലില്‍ അകപ്പെട്ടെന്ന് സ്ഥിരീകരിച്ചതോടെ സര്‍വ സംവിധാനങ്ങളും ഉപയോഗിച്ചുള്ള തിരിച്ചിലായി. ലോറി ഉടമ മനാഫിനും അര്‍ജുന്‍റെ സഹോദരനുമൊപ്പം വിവിധയിടങ്ങളില്‍ നിന്നെത്തിയ സന്നദ്ധ പ്രവര്‍ത്തകരും പ്രതികൂല കാലാവസ്ഥയെ അതിജീവിച്ച് അര്‍ജുനെ കണ്ടെത്താന്‍ ശ്രമം തുടര്‍ന്നു. ദിവസങ്ങള്‍ നീണ്ട കരയിലെ തിരച്ചിലിനൊടുവില്‍ ഗംഗാവലി പുഴയിലാണ് അര്‍ജുനും ലോറിയുമെന്ന് റഡാര്‍ സിഗ്നലുകള്‍ സ്ഥിരീകരിക്കുന്നു. പുഴയിലെ ശക്തമായ ഒഴുക്കും അടിഞ്ഞുകൂടിയ മണ്ണൂം പാറയും തിരച്ചിലിന് തടസമായി. ഒടുവില്‍ കൂറ്റന്‍ ഡ്രഡ്ജന്‍ എത്തിച്ച് പരിശോധന. ഒടുവില്‍ സെപ്റ്റംബര്‍ 25ന് എല്ലാം പ്രതീക്ഷകളും ഇല്ലാതാക്കി ലോറിയും അര്‍ജുന്റ മൃതദേഹാവശിഷ്ടങ്ങളും കണ്ടെത്തി.
രണ്ടുദിവസത്തിനുശേഷം മൃതദേഹം കണ്ണാടിക്കലിലെ വീട്ടിലെത്തിച്ച് സംസ്കരിച്ചു. തിരച്ചിലിന് തുടക്കം മുതല്‍ നേതൃത്വം നല്‍കിയ കാര്‍വാര്‍ എം എല്‍ എ സതീഷ് സെയില്‍ വിലാപയാത്രയിലും ഒപ്പമുണ്ടായിരുന്നു. അര്‍ജുന്‍റെ ഓര്‍മകളുമായി ഭാര്യ ക്യഷ്ണപ്രിയയും മകന്‍ അയാനും മാതാപിതാക്കളും സഹോദരങ്ങളും കണ്ണാടിക്കലിലെ വീട്ടിലുണ്ട്.