മില്‍മ പാല്‍വില വര്‍ധന പഠിക്കാന്‍ വിദഗ്ധസമിതിയെ ചുമതലപ്പെടുത്തി മില്‍മ ഡയറക്ടര്‍ ബോര്‍ഡ് യോഗം. അഞ്ചംഗ വിദഗ്ധസമിതിയുടെ റിപ്പോര്‍ട്ട് വിശദമായി ചര്‍ച്ച ചെയ്ത് വിലനിര്‍ണയ കാര്യം തീരുമാനിക്കും. ക്ഷീരകര്‍ഷകരെയും ഉപഭോക്താക്കളെയും ഒരുപോലെ പരിഗണിച്ചുള്ള തീരുമാനമെടുക്കുമെന്ന് മില്‍മ ചെയര്‍മാന്‍ കെ.എസ്.മണി പറഞ്ഞു
സകലതിനും പൊള്ളുന്ന വിലയുള്ള കാലത്ത് വര്‍ധന പൂര്‍ണമായും ഒഴിഞ്ഞെന്ന് പറയാനാവില്ലെങ്കിലും കുറച്ച് നാളത്തേക്കെങ്കിലും ആശ്വസിക്കാം. ദൈനംദിന ചെലവുകളുടെ കണക്കില്‍ പാല്‍വില നിലവിലെ കള്ളിയിലൊതുങ്ങും. വിദഗ്ധസമിതി സാഹചര്യം പഠിക്കും. ക്ഷീരകര്‍ഷകരെ സഹായിക്കുന്നതിനൊപ്പം ഉപഭോക്താവിന്‍റെ അവസ്ഥയും പരിഗണിക്കുമെന്നും ചെയര്‍മാന്‍.
ലീറ്ററിന് നാല് രൂപ വരെ ഉയര്‍ത്തുന്ന കാര്യത്തില്‍ അന്തിമവട്ട ചര്‍ച്ചയായെങ്കിലും സര്‍ക്കാരിന്‍റെ കര്‍ശന നിര്‍ദേശം പാല്‍വില വര്‍ധനയില്‍ നിന്നും തല്‍ക്കാലം മാറിനില്‍ക്കാന്‍ മില്‍മയെ നിര്‍ബന്ധിതമാക്കി. കര്‍ണാടകയിലും, തമിഴ്നാട്ടിലും പാല്‍വില താരതമ്യേന കുറഞ്ഞ് നില്‍ക്കുന്നതും പ്രതിസന്ധി വരുത്തുമെന്ന അഭിപ്രായമുയര്‍ന്നു. മൂന്ന് മേഖല യൂണിയനുകളും പാല്‍വില കൂട്ടുന്ന കാര്യത്തില്‍ വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നെങ്കിലും സാഹചര്യം കൃത്യമായി പഠിച്ച ശേഷം മാത്രം തീരുമാനമെന്ന നിര്‍ദേശം ബോര്‍ഡ് അംഗീകരിക്കുകയായിരുന്നു.