നിമിഷപ്രിയയുടെ വധശിക്ഷ നീട്ടിവച്ചുള്ള യെമനില്‍ നിന്നുള്ള ഉത്തരവ് പങ്കുവച്ച് കാന്തപുരം എപി അബൂബക്കര്‍ മുസലിയാര്‍. പ്രാര്‍ഥനകള്‍ ഫലം കാണുന്നു എന്ന് കുറിച്ചാണ് കാന്തപുരം വിധിപകര്‍പ്പ് പങ്കുവച്ചത്. ഇതിനു വേണ്ടി പ്രവർത്തിച്ച, പ്രാർഥിച്ച എല്ലാവർക്കും അല്ലാഹുവിന്റെ കരുണാകടാക്ഷമുണ്ടാകട്ടെ എന്നും അദ്ദേഹം എഴുതി.
Also Read: കേന്ദ്രത്തിന് മിണ്ടാന്‍ പറ്റാത്തയിടം; നിയന്ത്രണം ഹൂതികളുടെ കയ്യില്‍; നിമിഷപ്രിയ കേസില്‍ സംഭവിച്ചത്
അറ്റോർണി ജനറലിന്റെ നിർദ്ദേശപ്രകാരം, 2018-ലെ കേസ് നമ്പർ (18) സി.സി. പ്രകാരം ശിക്ഷിക്കപ്പെട്ട നിമിഷയുടെ വധശിക്ഷ നടപ്പാക്കുന്നത് മാറ്റിവെയ്ക്കുന്നു എന്നാണ് ഉത്തരവിലുള്ളത്. വധശിക്ഷ നടപ്പാക്കാനായി നിശ്ചയിച്ചിരുന്നത് ബുധനാഴ്ച ആയിരുന്നെന്നും വധശിക്ഷ നടപ്പാക്കുന്ന തീയതി, ഒരു പുതിയ തീയതി അറിയിക്കുന്നത് വരെ മാറ്റിവച്ചിരിക്കുന്നു എന്നും അറബിയിലുള്ള ഉത്തരവിലുണ്ട്.
ഇന്ത്യന്‍ സമയം ഉച്ചയോടെയാണ് നിമിഷപ്രിയയുടെ വധശിക്ഷ മാറ്റിവച്ചുള്ള വാര്‍ത്ത വന്നത്. തലാലിന്‍റെ കുടുംബത്തിന്‍റെ സമ്മതമില്ലാതെയാണ് നടപടി. യെമന്‍ ഭരണകൂടമാണ് വധശിക്ഷ മാറ്റിവയ്ക്കാന്‍ ഉത്തരവിട്ടത്. വസാബിയിലെ ഷെയ്ഖ് ഇടപെട്ടതോടെയാണ് തീരുമാനമായത്. വസാബി മേഖലയിലാണ് തലാലിന്‍റെ കുടുംബം താമസിക്കുന്നത്. തലാലിന്‍റെ കുടുംബവുമായി ചര്‍ച്ച തുടരണമെന്നാണ് ലഭിച്ചിരിക്കുന്ന നിര്‍ദേശം.
ദയാധനം, മാപ്പ് എന്നിവയില്‍ ഇതുവരെയും തീരുമാനമായിട്ടില്ല. വധശിക്ഷ മാറ്റിവച്ച വിവരം യെമനില്‍ നിന്നും സാമുവല്‍ ജെറോ സ്ഥിരീകരിച്ചു. നാളെ വധശിക്ഷ നടപ്പിലാക്കാനിരിക്കെയാണ് ഉത്തരവ് പുറത്തുവന്നിരിക്കുന്നത്. നിമിഷപ്രിയയുടെ വധശിക്ഷ റദ്ദാക്കാന്‍ കാന്തപുരം അബുബക്കര്‍ മുസ്ലിയാരുടെ നേതൃത്വത്തില്‍ ചര്‍ച്ചകളും ഇടപെടലുകളും നടന്നിരുന്നു.