എ.ഐ ഉപയോഗിച്ച് നിര്‍മ്മിച്ച ചിത്രം
പാദപൂജ വിവാദത്തിന് പിറകെ സംസ്ഥാനത്തെ സ്കൂളുകളിൽ മതപരമായ പരിപാടികൾക്ക് നിയന്ത്രണം ഏർപ്പെടുത്താൻ വിദ്യാഭ്യാസ വകുപ്പ് ആലോചിക്കുന്നു. മതപരമായ ഉള്ളടക്കമുള്ള ചടങ്ങുകൾക്ക് പൊതു മാനദണ്ഡം ഉണ്ടാക്കാനാണ് ശ്രമം. പ്രാർത്ഥനാ ഗാനം ഉൾപ്പെടെ പരിഷ്കരിക്കുന്നതാണ് പരിഗണനയിലുള്ളത്.
പാദപൂജയും സ്ക്കൂൾ സമയമാറ്റവും സുംബയും ഉൾപ്പെടെ അടുത്തിടെ ഉയർന്നുവന്ന വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് പൊതു വിദ്യാഭ്യാസ വകുപ്പിന്റെ ഇടപെടൽ. സ്ക്കൂൾ കാര്യങ്ങളിൽ മത സംഘടനകളുടെ ഇടപെടൽ വർദ്ധിച്ചു വരുന്നത് നന്നല്ല എന്നാണ് വകുപ്പിന്റെ വിലയിരുത്തൽ. സമഗ്ര പരിഷ്കരണം വേണമെന്നാണ് തീരുമാനം. ഏതെങ്കിലും മതം പിന്തുടരുന്നവർക്ക് താൽപര്യമോ എതിർപ്പോ ഉള്ളതായ ചടങ്ങുകൾ സ്കൂളുകളിൽ പാടില്ല . എല്ലാ മതവിഭാഗത്തിൽ പെട്ട കുട്ടികൾക്കും പിന്തുടരാൻ പറ്റുന്ന തരത്തിലുള്ള മാറ്റം ആണ് പരിഗണിക്കുന്നത്.
ആദ്യഘട്ടത്തിൽ പ്രാർത്ഥനാ ഗാനം പരിഷ്കരിക്കാൻ ആലോചന ഉണ്ട്. വിശദമായ പഠനത്തിന് ശേഷമാകും അന്തിമ തീരുമാനം. പാദപൂജയെ ന്യായീകരിച്ച ഗവർണർക്കെതിരെ ഇടത് സംഘടനകൾ രംഗത്ത് വന്നിട്ടുണ്ട്. കുട്ടികളെക്കൊണ്ട് ആരുടെയും കാൽ പിടിപ്പിക്കുന്നത് നല്ല കീഴ് വഴക്കമല്ല എന്നാണ് അഭിപ്രായം. പാദപൂജയെ കുറിച്ച് വ്യത്യസ്ത അഭിപ്രായങ്ങൾ ഉയരുന്നതും വിദ്യാഭ്യാസ വകുപ്പ് ശ്രദ്ധിക്കുന്നുണ്ട്. അതിനാൽ വിദ്യാഭ്യാസ വകുപ്പിന്റെ ഏതു തുടർനടപടിയും നിർണായകമാകും.