യുകെയിലെ ലക്ഷങ്ങള്‍ ശമ്പളമുള്ള ജോലി ഉപേക്ഷിച്ച് നാട്ടില്‍ ചെമ്മീന്‍കൃഷി ചെയ്ത അംബരീഷ് നേടിയെടുത്തത് സംസ്ഥാന സര്‍ക്കാര്‍ പുരസ്കാരം. കോഴിക്കോട് ചേമഞ്ചേരി തിരുവങ്ങൂര്‍ സ്വദേശി അംബരീഷ് ആണ് സംസ്ഥാന മത്സ്യകര്‍ഷക അവാര്‍ഡില്‍ മികച്ച ചെമ്മീന്‍ കര്‍ഷകനായി തെരഞ്ഞെടുത്തത്.
യുകെയില്‍ നിന്ന് ബിരുദാനന്തര ബിരുദം നേടി സീ ഫുഡ് എക്സേപോര്‍ട്ടിങ് ആന്‍ഡ് സപ്ലൈയില്‍ ജോലി ചെയ്യുന്നതിനിടെയാണ് നാട്ടില്‍ സംരംഭം തുടങ്ങുന്നതിനെ കുറിച്ച് അംബരീഷ് ആലോചിച്ചത്. തുടര്‍ന്നാണ് ചെമ്മീന്‍ കൃഷിയിലേക്ക് എത്തുന്നത്. തിരുവങ്ങൂരിലെ ഫാമിലായിരുന്നു ചെമ്മീന്‍ കൃഷി. 2015 ല്‍ നാട്ടിലെത്തി ഫ്രഷ് വാട്ടര്‍ ഫിഷിന്‍റെയും എക്സ്പോര്‍ട്ടിങ്ങില്‍ ജോലി ചെയ്തു. എന്നാലിത് മികച്ചരീതിയില്‍ മുന്നോട്ടുപോയില്ല.
ഈ സംരംഭം ഉപേക്ഷിച്ച് 2017 -18 ല്‍ ബന്ധുവിന്‍റെ 18 ഏക്കര്‍ സ്ഥലത്ത് മത്സ്യ കൃഷി ചെയ്തു. തുടക്കത്തില്‍ അര്‍ധശാസ്ത്രീയ രീതിയിലായിരുന്നു കൃഷി. അതില്‍ ഗുണം ലഭിക്കാത്തതിനാല്‍ ഫാം വിപുലീകരിച്ചു. കേരളത്തില്‍ മത്സ്യകൃഷി ഫാമുകള്‍ സന്ദര്‍ശിക്കുകയും അതിനെ കുറിച്ച് പഠിക്കുകയും ചെയ്തത് ഏറെ ഗുണകരമായെന്ന് അംബരീഷ് പറയുന്നു. വനാമി ചെമ്മീനാണ് കൃഷി ചെയ്യുന്നത്.
2021 ല്‍ കുളവും ബണ്ടും നിര്‍മിച്ച് ചെമ്മീന്‍ കൃഷി ആരംഭിച്ചു. ബയോ സെക്യൂരിറ്റിയും ഉറപ്പുവരുത്തി. 2022 –ല്‍ കൃഷി തുടങ്ങുമ്പോള്‍ രണ്ട് കുളങ്ങളാണ് ഉണ്ടായിരുന്നത്. കൃഷി ലാഭകരമായതോടെ കുളങ്ങളുടെ എണ്ണവും വര്‍ധിപ്പിച്ചു. ഇപ്പോള്‍ നാല് കുളങ്ങളും രണ്ട് റിസര്‍വോയര്‍ കുളങ്ങളുണ്ട്. അവസാനത്തെ സീസണില്‍ കൃഷി വന്‍വിജയമായിരുന്നു. വിളവെടുപ്പില്‍ 12.5 ടണ്‍ വിളവെടുക്കാന്‍ സാധിച്ചു. ഈ വര്‍ഷം എട്ട് ലക്ഷം വനാമി വിത്തിട്ടു. മത്സ്യകൃഷിയിലുടെ നാട്ടുകാര്‍ക്ക് ജോലി നല്‍കാന്‍ കഴിഞ്ഞതിന്‍റെ സന്തോഷവും അംബരീഷിനുണ്ട്. എട്ട് പേരാണ് സ്ഥിരം ജീവനക്കാരായി അംബരീഷിന്‍റെ ഫാമിലുള്ളത്.