കാട്ടറിവിനെ ലോകത്തിന് മുമ്പില്‍ ശ്രദ്ധേയനാക്കിയ ആദിവാസി മൂപ്പന്‍ മല്ലന്‍കാണിക്ക് വിട. തിരുവനന്തപുരം കല്ലാര്‍ മൊട്ടമൂട് ആദിവാസി ഊരിലെ മൂപ്പന് 115 ലെറെ പ്രായമുണ്ടായിരുന്നുവെന്നാണ് ഊരിലുളളവരുടെ കണക്ക്. ഇന്ന് ഉച്ചയ്ക്ക് ശേഷമായിരുന്നു അന്ത്യം. കാണിക്കാര്‍ കണ്ടെത്തിയ ആരോഗ്യപ്പച്ചയെ പാലോട് ബൊട്ടാണിക്കല്‍ ഗാര്‍ഡനിലെ ഗവേഷകര്‍ക്ക് പരിചയപ്പെടുത്തുകയായിരുന്നു മല്ലന്‍കാണി. 1987 ല്‍ ആയിരുന്നു സംഭവം. പിന്നീട് ആരോഗ്യപ്പച്ചയെന്ന ഔഷധ സസ്യം ലോക ശ്രദ്ധനേടി.
വനത്തില്‍ ആദ്യമായി റേഡിയോ വാങ്ങിയതും മല്ലന്‍ കാണിയാണ്. എപ്പോഴും റേഡിയോയും തൂക്കി നടന്ന അദ്ദേഹത്തിന് അങ്ങനെ റേഡിയോ മല്ലന്‍ എന്ന വിളിപ്പേരും വീണു. പഴയ ബാറ്ററി റേഡിയോ അടുത്തകാലം വരെ ഉപയോഗിച്ചിരുന്നു. തിരഞ്ഞടുപ്പ് കാലത്തൊക്കെ അഗസ്ത്യമലയിലെ കാണിക്കാരുടെ വാര്‍ത്താ കേന്ദ്രം കൂടിയായിരുന്നു മൂപ്പന്‍.
പ്രായമേറെയായിട്ടും കാട്ടറിവുകള്‍ പങ്കുവയ്ക്കുമായിരുന്നു മല്ലന്‍ കാണി. പ്രകൃതിയുടെ മാറ്റങ്ങള്‍ ശ്രദ്ധിച്ച് മഴയും കാറ്റുമൊക്കെ കൃത്യമായി പ്രവചിച്ചിരുന്നു. മലമ്പാട്ടും വൈദ്യവും എല്ലാം വശമുണ്ടായിരുന്നു. പ്രാചീന കാലത്ത് വനവാസികള്‍ ദൂരെ ദേശങ്ങളില്‍ സന്ദേശമെത്തിച്ചിരുന്ന അഞ്ചുമനക്കെട്ട് എന്ന സമ്പ്രദായം അറിയുന്ന അപൂര്‍വം പേരില്‍ ഒരാളായിരുന്നു മല്ലന്‍ കാണി. കാട്ടു കനികളായിരുന്നു ഭക്ഷണം. ഒരിക്കല്‍ പോലും ആശുപത്രിയില്‍ പോയിട്ടില്ല. എറുമ്പിയാട് ഉള്‍വനത്തില്‍ ഈറത്തണ്ടും ഈറ്റയിലയും കൊണ്ടുണ്ടാക്കിയ കുടിലിലായിരുന്നു താമസം. കാടിനെ നോവിക്കാതെ ജീവിച്ച മൂപ്പന്‍ തന്‍റെ കാ ട്ടറിവുകള്‍ ലോകത്തിനു പകര്‍ന്നാണ് വിട വാങ്ങുന്നത്.