സംസ്ഥാനത്ത് വീണ്ടും നിപ്പാ മരണം. പനി ബാധിച്ച് ചികിത്സയിലിരിക്കെ മരിച്ച പാലക്കാട് മണ്ണാർക്കാട് കുമരംപുത്തൂർ സ്വദേശിയായ 58 കാരന് നിപ്പയെന്ന് സ്ഥിരീകരിച്ചു. വിശദ പരിശോധനയ്ക്ക് സാമ്പിൾ പുണെയിലെ വൈറോളജി ലാബിലേക്ക് അയച്ചു. രോഗം സ്ഥിരീകരിച്ചതോടെ കുമരംപുത്തൂർ മേഖലയിൽ 3 കിലോമീറ്റർ പരിധിയിൽ നിയന്ത്രണമേർപ്പെടുത്തി.
നാട്ടുകൽ സ്വദേശിക്കു നിപ്പ സ്ഥിരീകരിച്ചതോടെ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ പിൻവലിച്ചതിന്റെ തൊട്ടുപിന്നാലെയാണ് ജില്ലയിൽ മറ്റൊരാൾക്ക് കൂടി രോഗം സ്ഥിരീകരിക്കുന്നത്. മണ്ണാർക്കാട് കുമരംപുത്തൂർ ചങ്ങലീരി സ്വദേശിയായ 58 കാരൻ ഒരാഴ്ച മുമ്പാണ് പനി ബാധിച്ച് ആദ്യം മണ്ണാർക്കാട് സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടുന്നത്. പിന്നീട്
വട്ടമ്പലത്തെ ആശുപത്രിയിലേക്കും ശേഷം വിദഗ്ധ ചികിത്സയ്ക്കായി കഴിഞ്ഞ ദിവസമാണ് പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിലേക്കും എത്തിച്ചു.ചികിത്സയിലിരിക്കെ ഇന്നലെ വൈകിട്ട് അഞ്ചോടെ മരിച്ചു.
ലക്ഷണങ്ങൾ ഉള്ളതിനാൽ മഞ്ചേരി മെഡിക്കൽ കോളേജിൽ നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. നിപ്പ ബാധിച്ചു ചികിത്സയിൽ തുടരുന്ന 38 കാരിയുടെ സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ട വ്യക്തിയല്ല നിപ്പ ബാധിച്ച മരിച്ച 58കാരനെന്നാണ് ആരോഗ്യ വിഭാഗത്തിന്റെ കണ്ടെത്തൽ. നിപ്പ സ്ഥിരീകരിച്ചതോടെ കടുത്ത നിയന്ത്രണങ്ങളിലേക്ക് കടക്കുകയാണ് ജില്ലാ ഭരണകൂടം.
കുമരംപുത്തൂർ ചങ്ങലീരിക്ക് മൂന്ന് കിലോമീറ്റർ ചുറ്റളവിൽ പ്രവേശന നിരോധനം ഏർപ്പെടുത്തി. വയോധികന്റെ സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ള ആളുകൾ ക്വാറൻ്റീനിൽ പ്രവേശിക്കണമെന്ന നിർദേശം നൽകി.