നെയ്യാറ്റിൻകരയിൽ മാതാപിതാക്കൾ പൊള്ളലേറ്റ് മരിച്ച കേസിൽ സർക്കാർ നീതി ചെയ്തില്ലെന്നാരോപിച്ച് രംഗത്തെത്തിയ ഇളയ മകന്റെ നടപടിയിൽ വിശദീകരണവുമായി മൂത്ത മകന്‍. അനുജന്‍ രഞ്ജിത്ത് രാജ് വൈകാരികമായി പ്രതികരിക്കുന്ന സ്വഭാവക്കാരനാണെന്ന് രാഹുൽ രാജ് പറഞ്ഞു.
'എന്ത് കേട്ടാലും പ്രതികരിക്കുന്ന മനസാണ് രഞ്ജിത്തിൻ്റേത്. കഴിഞ്ഞ ദിവസം കാട്ടിക്കൂട്ടിയതെല്ലാം അതിന്റെ ഫലമാണ്. അച്ഛനമ്മമാരുടെ മരണത്തിനുശേഷം സര്‍ക്കാര്‍ 10 ലക്ഷം രൂപ നൽകി. ആ തുകയുള്ള അക്കൗണ്ടിന്റെ പാസ്ബുക്ക് വരെ അവന്‍ കത്തിച്ചു കളഞ്ഞു. സര്‍ക്കാര്‍ ബാങ്കിൽ നല്‍കിയ ജോലിയുടെ ശമ്പളത്തിലാണ് ഇപ്പോള്‍ ജീവിച്ച് പോകുന്നത്'.അനിയന് സുഖമില്ലാതാവുമ്പോള്‍ ആശുപത്രിയില്‍ കൊണ്ടുപോകുന്നതുമെല്ലാം ഈ ശമ്പളം കൊണ്ടാണെന്നും രാഹുൽ വ്യക്തമാക്കുന്നു.
കോടതിയില്‍ കേസ് തോറ്റുപോകുമെന്ന ഭീതിയിൽ, കുടിയൊഴിപ്പിക്കലിനിടെ തീപ്പൊള്ളലേറ്റ് മരിച്ച ദമ്പതികളുടെ കല്ലറ പൊളിക്കുമെന്നാണ് ഇളയ മകന്‍ ഇന്നലെ മാധ്യമങ്ങളോട് വിശദീകരിച്ചത്. രാജൻ – അമ്പിളി ദമ്പതികളെ സംസ്കരിച്ച കല്ലറയാണ് രഞ്ജിത്ത് ഇന്നലെ പൊളിക്കാൻ ശ്രമിച്ചത്.
സർക്കാരിനെ വിശ്വസിച്ചത് അബദ്ധമായെന്നും രഞ്ജിത്ത് പറഞ്ഞിരുന്നു. എന്നാല്‍ രാഹുൽ ഇത് നിഷേധിക്കുകയാണ്. ജപ്തിക്കിടയില്‍ ജീവനൊടുക്കിയ രാജന്‍–അമ്പിളി ദമ്പതികളുടെ ഭൂമിയുടെ ഉടമസ്ഥാവകാശം, അയല്‍ക്കാരനാണെന്ന് കോടതി ഉത്തരവ് വന്നതിന് പിന്നാലെയാണ് രഞ്ജിത്ത് രാജ് വൈകാരിക പ്രതികരണവുമായെത്തിയത്. മാതാപിതാക്കളെ അടക്കിയ കല്ലറ പൊളിക്കേണ്ടിവരുമെന്ന ആശങ്കയിലാണ് മക്കള്‍.
കേരളത്തെ നടുക്കിയതായിരുന്നു ഈ ദുരന്തം. 2020 ഡിസംബറില്‍ വീടും ഭൂമിയും ജപ്തി ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ നെയ്യാറ്റിന്‍കര അതിയന്നൂര്‍ ഭാസ്കരനഗറില്‍ താമസിച്ചിരുന്ന രാജനും അമ്പിളിയും തീകൊളുത്തി മരിക്കുകയായിരുന്നു. പൊലീസിന്‍റെ വീഴ്ചയാണ് മരണത്തിന് കാരണമെന്ന് ആക്ഷേപമുയര്‍ന്നതോടെ സംഭവം വലിയ വിവാദമായി. അനാഥരായ രണ്ട് മക്കള്‍ തര്‍ക്കത്തില്‍ കിടന്ന ആ പുരയിടത്തില്‍ തന്നെ മാതാപിതാക്കളെ അടക്കി.
പിന്നീട് സര്‍ക്കാര്‍ മക്കള്‍ക്ക് പത്ത് ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കുമെന്ന് പ്രഖ്യാപിക്കുകയും സന്നദ്ധ സംഘടന അവിടെ വീട് വെച്ച് നല്‍കുകയും ചെയ്തു. എന്നാല്‍ അഞ്ച് വര്‍ഷങ്ങള്‍ക്കിപ്പുറം വീടിന്‍റെ ഉടമസ്ഥാവകാശത്തില്‍ കോടതി തീര്‍പ്പ് കല്‍പിച്ചു. വീടും ഭൂമിയും രാജന്‍റേതല്ല, എതിര്‍ഹര്‍ജി നല്‍കിയ അയല്‍വാസിയുടേതാണ്. ഇതോടെ മാതാപിതാക്കളുടെ കല്ലറ അടങ്ങിയ ഭൂമി നഷ്ടമാകുമെന്ന ആശങ്കയിലാണ് കുട്ടികള്‍.