സംസ്ഥാനവ്യാപകമായി എസ്.എഫ്.ഐ നടത്തിയ പഠിപ്പ്മുടക്ക് സമരത്തിനിടെ കണ്ണൂരിലെ സ്കൂളിലെ പാചകതൊഴിലാളികള്‍ക്ക് നേരെ അതിക്രമം കാണിച്ച നേതാക്കള്‍ക്ക് മറുപടിയുമായി നടന്‍ ജോയ് മാത്യൂ. വിഡിയോ കണ്ടപ്പോള്‍ മനസ് വല്ലാതെ മരവിച്ചുപോയെന്നും ഉണ്ണുന്ന ചോറിനോട് കാണിക്കേണ്ട ഒരു ബഹുമാനം മറന്നുപോയ ഒരു തലമുറയാണ് ഇന്ന് വളര്‍ന്നുവരുന്നതെന്നും ജോയ് മാത്യൂ പറഞ്ഞു.
തന്‍റെ കുട്ടിക്കാലത്ത് നേരിട്ട പട്ടിണിയെക്കുറിച്ചും ജോയ് കുറിപ്പില്‍ പറയുന്നുണ്ട്. ഇനിയെങ്കിലും ഇത്തരം കാര്യങ്ങള്‍ ആവര്‍ത്തിക്കാതിരിക്കട്ടെയെന്നും മാനുഷികമായ പരിഗണനകളും മാനസികമായ മാറ്റങ്ങളുമാണ് നമുക്ക് വേണ്ടതെന്നും ജോയ് കൂട്ടിച്ചേര്‍ത്തു. കണ്ണൂര്‍ മണത്തറ സ്കൂളിലായിരുന്നു സംഭവം നടന്നത്. പാചക തൊഴിലാളിക്ക് നേരെ അസഭ്യം പറഞ്ഞെന്നും കൈ പിടിച്ച് തിരിച്ചെന്നും പരാതിയില്‍ പറയുന്നുണ്ട്. സ്കൂള്‍ അധികൃതരുടെ പരാതിയില്‍ പൊലീസ് കേസെടുത്തിട്ടുണ്ട്.
ജോയ് മാത്യൂവിന്‍റെ വാക്കുകള്‍
എസ്.എഫ്.ഐ നടത്തിയ പഠിപ്പ്മുടക്ക് സമരത്തിനിടെ ഉണ്ടായ ഒരു സംഭവം എന്നെ ഏറേ സങ്കടപ്പെടുത്തി. ഒരു സ്കൂളില്‍ ഉച്ചഭക്ഷണം പാകം ചെയ്യുന്ന സ്ഥലത്തേക്ക് കടന്നുവന്ന് അവിടെയുള്ള ഭക്ഷണപദാര്‍ത്ഥങ്ങള്‍ വലിച്ചെറിയുകയും അത് പാകം ചെയ്യുന്ന പ്രായമായ സ്ത്രീയുടെ ദേഹത്തേക്ക് പൊള്ളലേല്‍ക്കുന്ന രീതിയില്‍ ഭക്ഷണം തട്ടിത്തെറിപ്പിക്കുകയും ചെയ്തു. വലിയ സങ്കടം തോന്നി. എന്‍റെ കുട്ടിക്കാലമാണ് അത് കണ്ടപ്പോള്‍ ഓര്‍മവന്നത്. ഞാന്‍ അന്ന് പഠിച്ചത് എന്‍റെ അമ്മ പഠിപ്പിക്കുന്ന ഓലമേഞ്ഞ ഒരു പാവപ്പെട്ട സ്കൂളിലാണ്. അന്ന് എന്നോടൊപ്പം പഠിച്ചിരുന്ന സഹപാഠികളില്‍ പലരും നിര്‍ദ്ദന കുടുംബങ്ങളില്‍ നിന്നുള്ള കുട്ടികളായിരുന്നു. ഇവരൊക്കെ സ്കൂളില്‍ വന്നിരുന്നത് ഉച്ചഭക്ഷണം പ്രതീക്ഷിച്ചാണ്. ഉച്ചക്ക് കിട്ടുന്നത് ഉപ്പുമാവും പാലുമാണ്. ഈ ഉപ്പുമാവ് തന്നെ പകുതി കഴിച്ചിട്ട് ബാക്കി പൊതിഞ്ഞുകൊണ്ടുപോയി വീട്ടിലുള്ളവരുടെ വിശപ്പ് അകറ്റുന്ന കാലഘട്ടമായിരുന്നു അന്ന്.
ഈ വിഡിയോ കണ്ടപ്പോള്‍ മനസ് വല്ലാതെ മരവിച്ചുപോയി. ഉണ്ണുന്ന ചോറിനോട് കാണിക്കേണ്ട ഒരു ബഹുമാനം മറന്നുപോയ ഒരു തലമുറയാണ് ഇന്ന് വളര്‍ന്നുവരുന്നത്. ഭക്ഷണം ഉണ്ടാക്കുന്നവരോട് കര്‍ഷകരോടും ഒന്നും തന്നെ ബഹുമാനമില്ലാത്ത തലമുറയായതുകൊണ്ടാണ് അവര്‍ക്ക് കുട്ടികള്‍ കഴിക്കുന്ന ഭക്ഷണം തട്ടിത്തെറിപ്പിക്കാന്‍ തോന്നിയത്. ഇനിയെങ്കിലും ഇത് ആവര്‍ത്തിക്കാതിരിക്കട്ടെ. നമുക്ക് വേണ്ടത് മാനസികമായ മാറ്റങ്ങളാണ്. മാനുഷികമായ പരിഗണനകളാണ്.