ഇടുക്കി തൊടുപുഴയിൽ ഭിന്നശേഷിക്കാരനായ മകനെ കൊലപ്പെടുത്തി പിതാവ് ജീവനൊടുക്കിയ വാര്‍ത്ത കേട്ട ഞെട്ടലിലാണ് നാട്ടുകാര്‍. കാഞ്ഞിരമറ്റത്ത് വാടകയ്ക്ക് താമസിക്കുന്ന വീട്ടിലെ മുറിയിലാണ് കുളമാവ് മുത്തിയുരുണ്ടയാർ പുത്തൻപുരക്കൽ എം.പി. ഉന്മേഷിനേയും (34) മൂന്നരവയസുകാരന്‍ ദേവിനേയും മരിച്ച നിലയില്‍ കണ്ടെത്തിയത്. ദേവിനു സംസാരശേഷിയുണ്ടായിരുന്നില്ല. ഉൻമേഷിന്റെ ഭാര്യ ശില്പ ജോലി കഴിഞ്ഞ് വീട്ടിലെത്തിയപ്പോഴാണ് മരണം പുറത്തറിഞ്ഞത്.
മകനെ കൊലപ്പെടുത്തിയ ശേഷം ഉൻമേഷ് ആത്മഹത്യ ചെയ്തെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമാനം. ഇന്നലെ രാത്രി എട്ടരയോടെയാണ് സംഭവം പുറംലോകമറിഞ്ഞത്. വസ്ത്രവ്യാപാര സ്ഥാപനത്തില്‍ ജോലിക്കു പോയിരിക്കുകയായിരുന്നു ഉന്‍മേഷിന്റെ ഭാര്യ ശില്‍പ. ഉന്മേഷ് കയറിലും കുട്ടി ഷാളിലുമാണ് തൂങ്ങി നിന്നത്.
ശിൽപയുടെ കരച്ചിൽ കേട്ടെത്തിയ അയല്‍ക്കാരാണ് പൊലീസിൽ വിവരം അറിയിച്ചത്. ഉടൻ തന്നെ തൊടുപുഴ എസ്എച്ച്ഒ എസ്. മഹേഷ് കുമാറിന്റെ നേതൃത്വത്തിൽ പൊലീസ് സംഘം സ്ഥലത്തെത്തി തുടര്‍നടപടികൾ സ്വീകരിച്ചു. ഫൊറൻസിക് സംഘമെത്തി പരിശോധന നടത്തിയ മൃതദേഹങ്ങൾ തൊടുപുഴ ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. കൂലപ്പണിയും ലോട്ടറി വിൽപനയുമായിരുന്നു ഉന്മേഷിന്റെ ജോലി. മുരളീധരനാണ് ഉന്മേഷിന്റെ പിതാവ്.