ശബരിമല സന്നിധാനത്ത് പുതിയതായി നിര്‍മിച്ച നവഗ്രഹക്ഷേത്രത്തിന്‍റെ പ്രതിഷ്ഠാകര്‍മം പൂര്‍ത്തിയായി. ആയിരക്കണക്കിന് ഭക്തരാണ് കോരിച്ചൊരിയുന്ന മഴയിലും നവഗ്രഹ ക്ഷേത്രപ്രതിഷ്ഠ കാണാനായി എത്തിയത്. ഉത്തരായനം കഴിയും മുന്‍പ് പ്രതിഷ്ഠ പൂര്‍ത്തിയാക്കാനാണ് വെള്ളിയാഴ്ച നടതുറന്ന് പ്രതിഷ്ഠാ ചടങ്ങുകള്‍ തുടങ്ങിയത്. ഇന്ന് രാത്രി നട അടയ്ക്കും.
രാവില 11.02ന് കന്നിരാശിയില്‍ ചടങ്ങുകള്‍ തുടങ്ങി.രാവിലെ കലശമണ്ഡപത്തില്‍ ശയയ്യയില്‍ ഉഷപൂജ കഴിഞ്ഞ് മരപ്പാണികൊട്ടി. പിന്നീട് ഓരോ വിഗ്രഹങ്ങളായി പ്രതിഷ്ഠിച്ചു.കൃഷ്ണശിലയില്‍ തീര്‍ത്ത പഞ്ചവര്‍ഗത്തറയിലാണ് നവഗ്രഹങ്ങളെ പ്രതിഷ്ഠിച്ചത്. പിന്നീട് ഞവരനെല്ല് നിറച്ച താഴികക്കുടം പ്രതിഷ്ഠിച്ചു.ശേഷം അഷ്ടബന്ധകലശവും ബ്രഹ്മകലശാഭിഷേകവും.. പ്രസന്നപൂജയ്ക്കും ദീപാരാധനയ്ക്കും ശേഷം ചടങ്ങുകള്‍ അവസാനിച്ചു. തന്ത്രി കണ്ഠര് രാജീവരായിരുന്നു പ്രതിഷ്ഠാച്ചടങ്ങുകളിലെ പ്രധാനി. ഇനി കര്‍ക്കിടക മാസ പൂജയ്ക്കായി പതിനാറാംതീയതി വൈകിട്ട് നട തുറക്കും. നിറപുത്തരി ചടങ്ങിനായി ഈ മാസം 29നും നടതുറക്കും. 30ന് ആണ് നിറപുത്തരി പൂജ.ഒരു മാസത്തില്‍ മൂന്നു തവണ നട തുറക്കുന്ന അപൂര്‍വതകൂടി ഇത്തവണ ഉണ്ട്.