വെളിച്ചെണ്ണയ്ക്ക് ബദല്‍ എന്ത്. തേങ്ങയ്ക്ക് പകരം ചമ്മന്തിക്കും തേങ്ങയ്ക്കും എന്ത്. സാധാരണക്കാരുടെ അടുക്കളകളില്‍ അടുപ്പ് മാത്രമല്ല, തലകളും പുകയുകയാണ്. പരീക്ഷണങ്ങള്‍ തുടങ്ങിക്കഴിഞ്ഞു.
വെളിച്ചെണ്ണയ്ക്കു പകരം സണ്‍ഫ്ലവര്‍ എണ്ണയും പാമോയിലും മറ്റും ബദലാണ്. പക്ഷേ, രുചിയുടെ കാര്യം ഓര്‍ക്കുമ്പോള്‍. മലയാളിയുടെ നൊസ്റ്റു രുചിയാണ്. മങ്കൊമ്പ് ഗോപാലകൃഷ്ണന്‍ എഴുതിയതുപോലെ കാറ്റേറ്റാല്‍ പോലും ഉന്മാദം തോന്നണം. മാത്രമല്ല, ഷെഫ് പിള്ളയും ഷാന്‍ ജിയോയും ലക്ഷ്മി നായരുമൊക്കെ പല റെസിപ്പികളിലും വെളിച്ചെണ്ണ തന്നെ ഒഴിക്കണമെന്ന് പറയും. അവരെ അനുസരിക്കാതിരിക്കാനും പറ്റില്ല .
കീശയിലെ കാശും രുചിയും തമ്മില്‍ എവിടെ കോംപ്രമൈസ്. പ്രത്യേകിച്ചും വെളിച്ചെണ്ണയ്ക്ക് ലിറ്ററിന് 420 രൂപയും കടന്ന് കുതിക്കുമ്പോള്‍. കീശയ്ക്ക് മാത്രമല്ല ആരോഗ്യത്തിനും മോശമെന്ന് പറഞ്ഞ് ഉപയോഗം കുറയ്ക്കുകയാണ് വഴി. ഇല്ലെങ്കില്‍ മറ്റ് എണ്ണകള്‍ വാങ്ങാം. സൂര്യകാന്തി എണ്ണയ്ക്ക് ലീറ്ററിന് 150 രൂപയും കടുകെണ്ണയ്ക്ക് 190 രൂപയും കടല എണ്ണയ്ക്ക് 220 രൂപയും തവിടെണ്ണയ്ക്ക് 160 രൂപയുമാണ് വില. ആവിയില്‍ വേവിച്ച പച്ചക്കറികള്‍ കഴിക്കുകയാണ് മറ്റൊരു മാര്‍ഗം. ബദല്‍ പാചകമാര്‍ഗങ്ങളായ പ്രഷര്‍ കുക്കര്‍, മൈക്രോവേവ്, എയര്‍ഫ്രൈയര്‍, ഗ്രില്‍ എന്നിവയുടെ ഉപയോഗം കൂട്ടാം. ചിക്കന്‍ വറുക്കുന്നതിനും പൊരിക്കുന്നതിനും പകരം ഗ്രില്‍ ചെയ്യുകയോ എയര്‍ഫ്രൈ ചെയ്യുകയോ ആവാം. വെളിച്ചെണ്ണയിൽ താളിക്കുന്നതും വഴറ്റുന്നതും ഒഴിവാക്കി ആവിയില്‍ വേവിച്ച കറികള്‍ക്കു മുകളില്‍ അല്‍പം തേങ്ങാപ്പാല്‍ തൂവിയാല്‍ മതി. തേങ്ങ അരച്ചുള്ള കറികളിൽ തേങ്ങ കുറച്ച് സവാളയോ ചുവന്നുള്ളിയോ കൂട്ടിയാല്‍ ഒപ്പം രുചിയും കൂടും. തോരനും മെഴുക്കുപുരട്ടിയും ആവിയില്‍ വേവിച്ച ശേഷം അല്‍പം പച്ചവെളിച്ചെണ്ണയോ അല്‍പം കടുകുവറുത്തോ ചേര്‍ത്താലും ഒരു നല്ല കോംപ്രമൈസ് ആണ്.