ഷാർജയിൽ മകളെ കൊലപ്പെടുത്തി യുവതി ജീവനൊടുക്കിയതിൽ മൃതദേഹങ്ങൾ ഷാർജയിലേതിനു പുറമെ സംസ്ഥാനത്തും പോസ്റ്റ്മോർട്ടം ചെയ്യണമെന്ന ആവശ്യവുമായി കുടുംബം. മരണത്തിൽ അസ്വാഭാവികത ഉണ്ടെന്ന് പോലീസ് മേധാവിയെയും സർക്കാരിനെയും അറിയിച്ചിട്ടുണ്ട്. തിങ്കളാഴ്ച ഷാർജയില്‍ പോസ്റ്റ് മോർട്ടം നടക്കും എന്നാണ് ബന്ധുക്കൾക്ക് കിട്ടിയ അറിയിപ്പ്.
മികച്ച സാമ്പത്തിക സ്ഥിതിയുള്ള മകളുടെ ഭർത്താവിന്റെ കുടുംബം ഷാർജയിലെ പോസ്റ്റ്മോർട്ടം നടപടികൾ അട്ടിമറിക്കാൻ സാധ്യതയുണ്ടെന്ന് വിലയിരുത്തിയാണ് മൃതദേഹം സംസ്ഥാനത്ത് എത്തിച്ചശേഷം വീണ്ടും പോസ്റ്റ്മോർട്ടം നടത്തണമെന്ന് ബന്ധുക്കൾ ആവശ്യപ്പെടുന്നത്. റീ പോസ്റ്റുമോട്ടത്തിലൂടെ മാത്രമേ മരണത്തിന്റെ ഉൾപ്പെടെ നിജസ്ഥിതി മനസ്സിലാക്കാൻ കഴിയുകയുള്ളൂ. ഇക്കാര്യം ചൂണ്ടിക്കാട്ടി പോലീസ് മേധാവിക്കും സർക്കാരിനും കുടുംബം പരാതി നൽകിയിട്ടുണ്ട്. ഭർത്താവിൽ നിന്നും ബന്ധുക്കളിൽ നിന്നുമുള്ള പീഡനമാണ് മരണത്തിന് കാരണമെന്നതാണ് കുടുംബത്തിന്റെ ആരോപണം
ഷാർജയിൽ വച്ച് നടന്നത് കൊണ്ട് തന്നെ അവിടത്തെ പൊലീസിന്റെ അന്വേഷണം നടക്കുന്നുണ്ട്. മാത്രമല്ല ഇവിടുത്തെ വിദേശകാര്യമന്ത്രാലയത്തിന് പരാതി നൽകിയതിനാൽ ഈ പരാതി ദുബായ് കോൺസുലേറ്റിനും കൈമാറിയിട്ടുണ്ട്. നടപടികൾ പൂർത്തിയാക്കി തിങ്കളാഴ്ച ഷാർജയിലെ പോസ്റ്റ്മോർട്ടം നടപടികൾ നടക്കും എന്നാണ് ഇപ്പോൾ ബന്ധുക്കൾക്ക് കിട്ടിയ അറിയിപ്പ് ചൊവ്വയോ ബുധനോ മൃതദേഹം നാട്ടിലെത്തിക്കാൻ കഴിയുമെന്നും ഇവർ പ്രതീക്ഷ പങ്കുവെച്ചു. ചൊവ്വാഴ്ചയാണ് കൊല്ലം കേരളപുരം സ്വദേശിനി വിപഞ്ചികയുടെയും മകളുടെയും മൃതദേഹങ്ങൾ ഷാർജയിലെ ഫ്ലാറ്റിൽ കണ്ടെത്തിയത്. മകളെ കൊലപ്പെടുത്തിയ ശേഷം വിപഞ്ചിക ജീവനൊടുക്കി എന്നാണ് പ്രാഥമിക നിഗമനം. ഭർത്താവ് നിതീഷിന്റെയും വീട്ടുകാരുടെയും മാനസിക ശാരീരിക പീഡനമാണ് മരണത്തിന് കാരണമെന്നാണ് വിപഞ്ചികയുടെ ബന്ധുക്കളുടെ ആരോപണം