സ്കൂള്‍ സമയമാറ്റത്തില്‍ സമസ്തയുമായി ചര്‍ച്ചയ്ക്ക് തയ്യാറായി സംസ്ഥാന സര്‍ക്കാര്‍. സമസ്ത അധ്യക്ഷന്‍ ജിഫ്രി മുത്തുക്കോയ തങ്ങള്‍ മന്ത്രിക്കെതിരെ രൂക്ഷവിമര്‍ശനങ്ങളുമായി എത്തിയതിന് പിന്നാലെയാണ് ഇതുവരെ ചര്‍ച്ചയില്ലെന്ന് പറഞ്ഞിരുന്ന വി. ശിവന്‍കുട്ടി നിലപാട് മാറ്റിയത്. സര്‍ക്കാരിന്‍റേത് യൂടേണ്‍ ആണെന്ന് ലീഗും പരിഹസിച്ചു.
സ്കൂള്‍ സമയമാറ്റത്തില്‍ മത സംഘടനകള്‍ ഇടപെടേണ്ടെന്ന മന്ത്രി വി. ശിവന്‍കുട്ടിയുടെ നിലപാട് ശരിയല്ലെന്ന് വിമര്‍ശിച്ച സമസ്ത, ഉറങ്ങുന്ന സമയത്ത് മദ്രസ നടത്താന്‍ കഴിയില്ലെന്നും പ്രഖ്യാപിച്ചു. ഇതിന് പിന്നാലെയാണ് വിഷയത്തില്‍ ആരുമായും ചര്‍ച്ചക്കില്ലെന്ന് ആവര്‍ത്തിച്ച വി. ശിവന്‍കുട്ടി നിലപാട് മയപ്പെടുത്തിയത്.
ചര്‍ച്ചയ്ക്ക് തയ്യാറായ നടപടിയെ സമസ്ത സ്വാഗതം ചെയ്തു. ചര്‍ച്ചയുടെ പോക്ക് നോക്കി തുടര്‍ പ്രക്ഷോഭങ്ങളുടെ കാര്യത്തില്‍ തീരുമാനമെടുക്കാമെന്നാണ് ധാരണ. സര്‍ക്കാരിന്‍റേത് യൂടേണെന്ന് വിമര്‍ശിച്ച മുസ് ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പിഎംഎ സലാം ഫുട്ബോള്‍ കളി തുടങ്ങിയ ശേഷം കളിയുടെ നിയമം മാറ്റുന്നതു പോലെയാണ് സര്‍ക്കാര്‍ തീരുമാനങ്ങള്‍ മാറ്റുന്നതെന്നും കുറ്റപ്പെടുത്തി.
യുഡിഎഫിനൊപ്പം നില്‍ക്കുന്ന സമസ്ത ഇകെ വിഭാഗത്തിന് പുറമേ എല്‍ഡിഎഫിനൊപ്പം നില്‍ക്കുന്ന എപി വിഭാഗം കൂടി സ്കൂള്‍ സമയ മാറ്റത്തില്‍ വിമര്‍ശനമുന്നയിച്ചതോടെയാണ് സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് തയ്യാറായത്.