TOPICS COVERED

തിരുവനന്തപുരം നെടുമങ്ങാട് വേങ്കവിളയില്‍ അടഞ്ഞ് കിടന്ന നീന്തല്‍കുളത്തില്‍ കുളിക്കാനിറങ്ങിയ രണ്ട് കുട്ടികള്‍ മുങ്ങിമരിച്ചു. കുശര്‍കോട് സ്വദേശികളായ വിദ്യാര്‍ഥികള്‍ ആരോമലും ഷിനിലുമാണ് മരിച്ചത്. പഞ്ചായത്തിന്‍റെ നീന്തല്‍ പരിശീലനക്കുളത്തില്‍ കുളിക്കാനിറങ്ങിയപ്പോഴായിരുന്നു അപകടം. 

 നെടുമങ്ങാടിനടുത്ത് കുശര്‍കോട് താമസിക്കുന്ന സുനീന്ദ്രന്‍–ഷീജ ദമ്പതികളുടെ 13കാരനായ മകന്‍ സിനിലും രാജിയുടെ മകന്‍ 15 കാരന്‍ ആരോമലും. ആനാട് പഞ്ചായത്തിന്‍റെ നിയന്ത്രണത്തിലുള്ള നീന്തല്‍ പരിശീലന കുളമാണ് മരണത്തിന് വേദിയായത്. ഏഴ് പേരടങ്ങുന്ന കുട്ടികളുടെ സംഘം നീന്താനും കുളിക്കാനുമായെത്തിയതായിരുന്നു. അതിനിടെയാണ് അപകടം.

അവധി ദിവസമായതുകൊണ്ട് രാവിലത്തെ പരിശീലനത്തിന് ശേഷം നീന്തല്‍ക്കുളം അടച്ചിട്ടിരിക്കുകയായിരുന്നു. പരിശീലകരുമുണ്ടായിരുന്നില്ല. ഇങ്ങിനെയുള്ള സമയം നീന്തല്‍ക്കുളത്തില്‍ ഇറങ്ങരുതെന്ന ബോര്‍ഡും നിര്‍ദേശവുമെല്ലാമുണ്ട്. ഇത്  അവഗണിച്ചാണ് കുട്ടികള്‍ കുളത്തിലിറങ്ങിയത്. ആഴമുള്ള ഭാഗത്തേക്ക് നീന്തിപ്പോയപ്പോള്‍ മുങ്ങിത്താഴുകയായിരുന്നു. അപകടം നടന്ന് പത്ത് മിനിറ്റോളം കഴിഞ്ഞാണ് നാട്ടുകാര്‍ ഓടിയെത്തി കുട്ടികളെ പുറത്തെത്തിക്കാനായത്. അതിനകം മരണം സംഭവിച്ചിരുന്നു.

ENGLISH SUMMARY:

In a tragic incident at Venkavila, Nedumangad in Thiruvananthapuram, two students from Kushakkode — Aromal and Shinil — drowned in a closed swimming pool. The mishap occurred when they entered the panchayat-run training pool, which was not operational at the time.