കേരള സർവകലാശാലയിലെ പ്രതിസന്ധി പരിഹരിക്കാന്‍ പോംവഴി തേടി സിപിഎം. സർവകലാശാലകളിലെ ഭരണസ്തംഭനം സർക്കാരിന് തിരിച്ചടിയാകുമെന്ന വിലയിരുത്തലിലാണ് പ്രശ്നപരിഹാരത്തിന് പാര്‍ട്ടി ഇടപെടൽ ആരംഭിച്ചത്. ഗവർണറുമായി ചർച്ച നടത്തി പരിഹാരം കാണുന്നതും നിയമനടപടി സ്വീകരിക്കുന്നതുമാണ് പാര്‍ട്ടിയുടെ പരിഗണനയിലുള്ളത്.
ഗവര്‍ണര്‍ക്കെതിരായ പ്രതിഷേധം വൈസ് ചാന്‍സിലര്‍–സിഡന്‍ഡിക്കേറ്റ് പോരിലേക്ക് നീങ്ങിയതോടെ കടുത്ത പ്രതിസന്ധിയിലാണ് കേരള സര്‍വകലാശാല ഭരണം. റജിസ്ട്രാറെ സസ്പെന്‍റ് ചെയ്ത് മിനി കാപ്പന് റജിസ്ട്രാറുടെ ചുമതല നല്‍കിയെങ്കിലും അവര്‍ പദവി ഏറ്റെടുത്തിട്ടില്ല. തന്നെ ഒഴിവാക്കണെന്ന് മിനി കാപ്പന്‍ അഭ്യര്‍ഥിക്കുകയും ചെയ്തു. എന്നാല്‍ തല്‍ക്കാലം തുടരണമെന്നും മറ്റ് മാര്‍ഗങ്ങള്‍ പിന്നീട് നോക്കാമെന്നുമാണ് വിസി ഡോ. മോഹനന്‍ കുന്നുമ്മേലിന്‍റെ നിര്‍ദേശം.
പരീക്ഷയും ഫലപ്രഖ്യാപനവും താളംതെറ്റിയതും പ്രശ്ന പരിഹാരത്തിനുള്ള ഇടപെടലിന് സിപിഎമ്മിന് പ്രേരിപ്പിക്കുന്നുണ്ട്. ഭരണസ്തംഭനം ഒഴിവാക്കാൻ എന്ത് ചെയ്യാനാകുമെന്ന ആലോചന ഇതോടെ പാര്‍ട്ടിയില്‍ സജീവമായി. ഗവര്‍ണറുമായി ചര്‍ച്ച ചെയ്തു പ്രശ്നം പരിഹരിക്കുകയോ, നിയമപരമായ അനൂകൂല ഉത്തരവ് നേടിയെടുക്കുകയോ ആണ് സിപിഎമ്മിനും സിന്‍ഡിക്കേറ്റിനും മുന്‍പിലുള്ള മാര്‍ഗങ്ങള്‍. കേരളത്തിലെ ബിജെപി നേതൃത്വമാണ് രാജ്ഭവനെ തെറ്റായ ദിശയിൽ നയിക്കുന്നതെന്ന ആരോപണവും സിപിഎം ഉയര്‍ത്തുന്നുണ്ട്.