ഇന്ത്യയിലെ പ്രമുഖ ഇലക്ട്രോണിക്‌സ് സിസ്റ്റം ആൻഡ് ഡിസൈൻ മാനുഫാക്ചറിംഗ് കമ്പനിയായ കെയിൻസ് ടെക്നോളജിയെ കേരളത്തിലേക്ക് കൊണ്ടുവരാൻ സര്‍ക്കാരിന് സാധിച്ചിരിക്കുന്നുവെന്ന് മന്ത്രി പി രാജീവ്. ഹൈടെക് മാനുഫാക്ചറിങ്ങ് രംഗത്ത് കേരളത്തിൽ കൂടുതൽ നിക്ഷേപം കൊണ്ടുവരും എന്നത് സംസ്ഥാന സർക്കാരിൻ്റെ വാഗ്ദാനമായിരുന്നുവെന്നും, അതാണ് സാധ്യമായിരിക്കുന്നതെന്നും അദ്ദേഹം ഫെയ്സ്ബുക്കില്‍ കുറിച്ചു.
500 കോടിയുടെ നിക്ഷേപവും 2000 തൊഴിലവസരങ്ങളുമാണ് വരുന്നത്. ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റിലൂടെ കേരളത്തിലേക്ക് ആര് വന്നു എന്ന ചോദ്യത്തിനുള്ള മറ്റൊരു ഉത്തരംമാണിത്. വാഹനങ്ങൾ, വ്യവസായം, റയിൽവേ, മെഡിക്കൽ, വ്യോമയാനം തുടങ്ങി ആഗോളതലത്തില്‍ വിവിധ മേഖലകളിലേക്ക് ആവശ്യമായ ഇലക്ട്രോണിക് ഉൽപന്നങ്ങൾ രൂപകൽപന ചെയ്ത് നിർമിക്കുന്ന ഈ കമ്പനിക്ക് ഇന്ത്യയിലാകെ എട്ട് സ്ഥലത്ത് മാനുഫാക്ചറിങ്ങ് യൂണിറ്റുകളുണ്ട്.
കേരളത്തിലെ ആദ്യ യൂണിറ്റിനായി പെരുമ്പാവൂരിൽ കിൻഫ്ര വികസിപ്പിക്കുന്ന ഇന്‍ഡസ്ട്രിയല്‍ പാർക്കില്‍ ഭൂമി അനുവദിക്കും. ഒന്നര വര്‍ഷത്തിനുള്ളില്‍ പ്ലാൻ്റിൻ്റെ നിർമ്മാണം പൂർത്തിയാകുമെന്നും അദ്ദേഹം വ്യക്തമാക്കി.