കേരളത്തില്‍ 2026ല്‍ ബിജെപി അധികാരത്തിലെത്തുമെന്ന അവകാശവാദവുമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. സംസ്ഥാനത്ത് ബിജെപിയുടെ വോട്ട് ശതമാനം കൂടി. തദ്ദേശതിരഞ്ഞെടുപ്പില്‍ പാര്‍ട്ടി 25 ശതമാനം വോട്ട് നേടുമെന്നും വികസിത കേരളമാണ് ബിജെപി ലക്ഷ്യമിടുന്നതെന്നും അമിത് ഷാ തിരുവനന്തപുരത്ത് വ്യക്തമാക്കി. ബിജെപി പുതിയ സംസ്ഥാന ഓഫിസ് ഉദ്ഘാടനത്തിനെത്തിയതായിരുന്നു അമിത് ഷാ.
ബിജെപിയുടെ ഭാവി ശോഭനവും കരുത്തുറ്റതുമാണ്. പോപ്പുലര്‍ ഫ്രണ്ടിനെ തടയുന്നതില്‍ കേരളത്തിലെ ഇടതു സര്‍ക്കാര്‍ പരാജയപ്പെട്ടു. പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിച്ചത് ബിജെപി സര്‍ക്കാരാണെന്ന് എടുത്തുപറഞ്ഞ അമിത് ഷാ സംസ്ഥാനത്ത് തഴച്ചുവളർന്ന മത തീവ്രവാദ രാഷ്ട്രീയത്തിന് തടയിട്ടത് നരേന്ദ്രമോദി സർക്കാരാണെന്നും ചൂണ്ടിക്കാട്ടി. സിപിഎമ്മിന്റെ ലക്ഷ്യം അണികളുടെ വികസനമാണെന്നും അദ്ദേഹം പരിഹസിച്ചു.
സംസ്ഥാനത്ത് നടക്കുന്നത് സ്റ്റേറ്റ് സ്പോണ്‍സേര്‍ഡ് അഴിമതിയാണ്. സ്വര്‍ണക്കടത്തും സഹകരണ അഴിമതിയും ഉയര്‍ത്തിക്കാട്ടി എല്‍ഡിഎഫ് സര്‍ക്കാരിനെ വിമര്‍ശിച്ച അദ്ദേഹം അഴിമതിയുടെ കാര്യത്തില്‍ യുഡിഎഫും പിന്നിലല്ലെന്നും വിമര്‍ശിച്ചു. സോളര്‍, ബാര്‍, പാലാരിവട്ടം അഴിമതികള്‍ ഇതിന് ഉദാഹരണമാണെന്നും അമിത് ഷാ ചൂണ്ടിക്കാട്ടി. നിയമസഭ തിരഞ്ഞെടുപ്പിന് ഒരുങ്ങാനും പ്രവർത്തകർക്ക് അദ്ദേഹം നിർദേശം നൽകി.