തിരുവനന്തപുരത്ത് പൊലീസ് ടെലികമ്മ്യൂണിക്കേഷന്‍ ഇന്‍സ്പെക്ടറെ വീട്ടില്‍ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തി. കൊല്ലം കുണ്ടറ സ്വദേശി ജയ്സണ്‍ അലക്സാണ് ഓഫീസില്‍ നിന്നിറങ്ങിപ്പോയ ശേഷം വീട്ടില്‍ തൂങ്ങിമരിച്ചത്. ഉദ്യോഗസ്ഥ സമ്മര്‍ദമാണെന്നും 6 കോടി രൂപയ്ക്ക് വയര്‍ലെസ് വാങ്ങുന്ന കരാറില്‍ ഒപ്പിടുന്നതിന് വന്‍ സമ്മര്‍ദമായിരുന്നുവെന്നും അമ്മ ആരോപിച്ചു.
രണ്ട് പെണ്‍കുട്ടികളുടെ അച്ഛനായ 48 കാരന്‍ ജയ്സണ്‍ അലക്സിനെ ഇന്ന് രാവിലെ 11 മണിയോടെയാണ് കഴക്കൂട്ടം ചേങ്കോട്ടുകോണത്ത് പുതിയതായി നിര്‍മിച്ച വീട്ടില്‍ മരിച്ച നിലയില്‍ കണ്ടത്. രാവിലെ ഓഫീസില്‍ പോയ ജയ്സണ്‍ അവിടന്ന് ഇറങ്ങിവന്നാണ് ജീവനൊടുക്കിയത്. ഭാര്യ ജോലിക്കും മക്കള്‍ സ്കൂളിലും പോയതിനാല്‍ വീട്ടില്‍ ആരുമുണ്ടായിരുന്നില്ല. ജയ്സണെ ഓഫീസില്‍ കാണാതായപ്പോള്‍ അന്വേഷിച്ചെത്തിയ സഹപ്രവര്‍ത്തകരാണ് മൃതദേഹം കണ്ടത്.
പൊലീസില്‍ വയര്‍ലെസ് സെറ്റുകളൊക്കെ കൈകാര്യം ചെയ്യുന്ന വിഭാഗമാണ് ടെലികമ്മ്യൂണിക്കേഷന്‍. അടുത്തിടെ പുതിയ വയര്‍ലെസ് സെറ്റുകള്‍ വാങ്ങിച്ചിരുന്നു. ഇത് വാങ്ങാനുള്ള ആറ് കോടിയുടെ കരാറിനേ ചൊല്ലിയും സമ്മര്‍ദമുണ്ടായിരുന്നതായി അമ്മ ആരോപിച്ചു.
എന്നാല്‍ വയര്‍ലെസ് സെറ്റ് വാങ്ങാനുള്ള കമ്മിറ്റിയിലെ ടെക്നിക്കല് കമ്മിറ്റിയംഗം എന്നതിനപ്പുറം ജയ്സണ് ഉത്തരവാദിത്തമോ സമ്മര്‍ദമോ ഇല്ലായിരുന്നുവെന്ന് പൊലീസ് വിശദീകരിക്കുന്നു. എ.ഡി.ജി.പി ഉള്‍പ്പടെയുള്ള ഉന്നത ഉദ്യോഗസ്ഥരാണ് മറ്റ് കാര്യങ്ങള്‍ കൈകാര്യം ചെയ്തിരുന്നത്. നാളെ അമിത് ഷാ തിരുവനന്തപുരത്തെത്തുന്നുണ്ട്. പുതിയ വയര്‍ലെസ് സെറ്റ് ഉപയോഗിച്ച് ആദ്യമായി കൈകാര്യം ചെയ്യുന്ന വി.ഐ.പി സുരക്ഷാ ക്രമീകരണമാണ് അമിത് ഷായുടേത്. അതിന്‍റേതായ ടെന്‍ഷന് അപ്പുറത്തേക്ക് മറ്റൊന്നുമില്ലെന്നും പൊലീസ് പറയുന്നു.