സംഭരിച്ച നെല്ലിന്‍റെ വില മാസങ്ങളായിട്ടു നൽകാത്തതിൽ പ്രതിഷേധം ശക്തമാക്കി കർഷകർ. സംസ്ഥാനത്തെ നെൽ കർഷകർക്ക് 712 കോടിയോളം രൂപയാണ് ഇനിയും നൽകാനുള്ളത്. നെൽ വില നൽകണമെന്ന് ആവശ്യപ്പെട്ട് കുട്ടനാട്ടിലെ മങ്കൊമ്പിലുള്ള സപ്ലൈകോ പാഡി മാർക്കറ്റിങ് ഓഫീസ് കർഷകർ ഉപരോധിച്ചു.
കഴിഞ്ഞ ഏപ്രിലിനു ശേഷം നെൽകർഷകർക്ക് സംഭരിച്ച നെല്ലിന്‍റെ വില കിട്ടിയിട്ടില്ല. ബാങ്കുകളുടെ നിഷേധ നിലപാടാണ് കാരണമെന്നാണ് മന്ത്രിമാർ പറയുന്നത്. രണ്ടു ലക്ഷത്തിലധികം കർഷകരിൽ നിന്ന് 5.81 ലക്ഷം ടൺ നെല്ലാണ് സപ്ലൈകോ സംഭരിച്ചത്. നെല്ലിന്‍റെ വിലയായ 1644 കോടിയിൽ 712 കോടി രൂപ ഇനിയും നൽകാനുണ്ടെന്ന് കർഷകർ പറയുന്നു.
കോട്ടയം ജില്ലയിൽ ഒരു കർഷകനു പോലും പണം ലഭിക്കാത്ത നിരവധി പാടശേഖരങ്ങളുണ്ട്. നിരവധി തവണ ബാങ്കിൽ കയറിയിറങ്ങിയിട്ടും പണം കിട്ടിയില്ല. ഇതേ തുടർന്നാണ് നെൽകർഷക സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ കർഷകർ മങ്കൊമ്പിലെ സപ്ലൈ കോ പാഡി മാർക്കറ്റിങ്ങ് ഓഫീസ് ഉപരോധിച്ചത്.
പാഡി ഓഫീസിൽ കുത്തിയിരുന്ന കർഷകരെ പുളിങ്കുന്ന് പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. ജൂലൈ ഏഴുവരെയുള്ള കണക്കുപ്രകാരം 28, 924 കർഷകരിൽ നിന്ന് നെല്ല് സംഭരിച്ചതിന്ന് 365 . 55 കോടി രൂപയാണ് നൽകാനുള്ളതെന്ന് സപ്ളൈകോ പറയുന്നു. ഇതിൻ 188.5 കോടിയുടെ പേ ഓർഡർ നൽകിയെന്നും പാഡി മാർക്കറ്റിങ് ഓഫീസ് അറിയിച്ചു.