‘എല്ലാം ശരിയാകും. ആരും വിഷാദത്തിന് അടിപ്പെടരുത്...’ ആലപ്പുഴ ചെന്നിത്തല നവോദയ സ്കൂളില്‍ ആത്മഹത്യ ചെയ്ത നേഹ എഴുതിവച്ച കുറിപ്പാണിത്. കൂട്ടുകാര്‍ക്കുള്ള ഉപദേശങ്ങളും അതിലുണ്ട്. നേഹയുടെ ഡയറിക്കുള്ളില്‍ നിന്നാണ് പൊലീസ് കുറിപ്പ് കണ്ടെത്തിയത്. ആത്മഹത്യ ചെയ്യുമെന്ന് നേരിട്ട് പറയുന്നില്ലെങ്കിലും നേഹയെ വിഷാദം പിടിമുറുക്കിയതിന്‍റെ എല്ലാ ലക്ഷണവും ഈ കുറിപ്പിലും ഡയറിയുടെ മറ്റുപല ഭാഗങ്ങളിലുമുണ്ട്. മരണത്തെക്കുറിച്ചാണ് നേഹയുടെ കുറിപ്പുകളില്‍ ഏറെയും.
ഡയറിയില്‍ ഒരിടത്ത് ഒരു കുരിശിന്‍റെ രൂപം വരച്ചുവച്ച് ‘ഡെത്ത്’ എന്നുകൂടി എഴുതിയിട്ടുണ്ട്. താന്‍ ഒറ്റയ്ക്കാണെന്ന ചിന്ത കുട്ടിയെ ഏറെ അലട്ടിയിരുന്നുവെന്നും കുറിപ്പുകളില്‍ വ്യക്തം. അതുകൊണ്ടുതന്നെ വിഷാദം നേഹയെ ആത്മഹത്യയിലേക്ക് നയിച്ചതാകാം എന്നാണ് പൊലീസ് നിഗമനം. അന്വേഷണം തുടരുകയാണ്.
വ്യാഴാഴ്ച പുലർച്ചെ നാലുമണിക്കാണ് നേഹയെ സ്കൂൾ ഹോസ്റ്റലിലെ സ്റ്റെയർകെയ്സിന്റെ കൈവരിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടത്. ശുചിമുറിയിലേക്കു പോയ വിദ്യാര്‍ഥിനിയാണ് ആദ്യം കണ്ടത്. ബാസ്കറ്റ്ബോൾ ടീം അംഗമായ നേഹയെ ബുധനാഴ്ച വൈകിട്ട് സ്കൂളിൽ നടത്തിയ ട്രയൽസിൽ ക്ലസ്റ്റർ മത്സരത്തിലേക്കു തിരഞ്ഞെടുത്തിരുന്നു. തുടർന്നു നടന്ന സാസ്കാരിക പരിപാടിയിലും നേഹ സജീവമായി പങ്കെടുത്തിരുന്നു. പഠനത്തിലും മിടുക്കിയായിരുന്നെന്ന് അധ്യാപകർ പറയുന്നു.
പോസ്റ്റ്മോർട്ടത്തിനുശേഷം വൈകിട്ട് ആറാട്ടുപുഴയിലെ വീട്ടുവളപ്പിൽ സംസ്കാരം നടത്തി. ഏഴാംക്ലാസ് വിദ്യാർഥിനി നീബ സഹോദരിയാണ്. മാന്നാർ എസ്.എച്ച്.ഒ ഡി.രജീഷ് കുമാറിന്റെ നേതൃത്വത്തിൽ പൊലീസും ഫൊറൻസിക് ടീമും സ്ഥലത്ത് പരിശോധന നടത്തി. മന്ത്രി സജി ചെറിയാനും കൊടിക്കുന്നിൽ സുരേഷ് എംപിയും സ്കൂളിലെത്തി. വിശദമായ അന്വേഷണം വേണമെന്ന് ഇരുവരും ആവശ്യപ്പെട്ടു.