"സ്നേഹത്തിന് അതിരുകളില്ല. അത് തടസ്സങ്ങൾ ചാടിക്കടക്കുന്നു, വേലികൾ ഭേദിക്കുന്നു, പ്രതീക്ഷയോടെ ലക്ഷ്യസ്ഥാനത്തെത്താൻ ചുമരുകളെ തുളച്ചുകയറുന്നു". അമേരിക്കൻ കവയിത്രി 'മായ ആഞ്ചലോ'യുടെ പ്രശസ്തമായ ഈ വരികൾ ഉദ്ധരിച്ചുകൊണ്ടാണ് ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണൻ പുറപ്പെടുവിച്ച കോടതി ഉത്തരവ് ആരംഭിക്കുന്നത്. ജീവപര്യന്തം തടവുശിക്ഷ അനുഭവിച്ച് ജയിലിൽ കഴിയുന്ന തൃശ്ശൂര്‍ സ്വദേശി പ്രശാന്തിന് വിവാഹത്തിനായി 15 ദിവസത്തെ പരോള്‍ അനുവദിച്ച ഉത്തരവിലാണ് ഈ വരികളു‌ടെ പരാമര്‍ശമുള്ളത്. പ്രശാന്തിന്റെ അമ്മ നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചത്.

2025 ജൂലൈ 13-നാണ് പ്രശാന്തിൻ്റെ വിവാഹം നിശ്ചയിച്ചിരുന്നത്. ഗുരുവായൂർ ക്ഷേത്രത്തിൽ വെച്ച് വിവാഹം നടത്താനായിരുന്നു തീരുമാനം. വിവാഹം നിശ്ചയിച്ചതിനുശേഷമാണ് കൊലപാതക കേസിൽ പ്രശാന്തിനെ ജീവപര്യന്തം തടവിന് ശിക്ഷിച്ചുകൊണ്ടുള്ള ഉത്തരവ് വരുന്നത്. വിയൂർ അതീവ സുരക്ഷാ ജയിലിലാണ് പ്രശാന്ത് ഉള്ളത്. ഇതോടെ വിവാഹത്തിനായി പരോൾ വേണമെന്ന അവസ്ഥയായി.

എന്നാൽ, പ്രശാന്തിൻ്റെ പരോൾ അപേക്ഷ ജയിൽ അധികൃതർ നിരസിക്കുകയായിരുന്നു. ജയിൽ ചട്ടപ്രകാരം സ്വന്തം വിവാഹത്തിന് അടിയന്തര പരോൾ നൽകാൻ വ്യവസ്ഥയില്ലെന്ന് കാണിച്ചാണ് അപേക്ഷ നിരസിച്ചത്. ഇതിനെ തുടർന്നാണ് പ്രശാന്തിൻ്റെ അമ്മ ഹൈക്കോടതിയെ സമീപിച്ചത്. ഈ ഹർജിയിലാണ് പ്രശാന്തിന് അനുകൂലമായുള്ള കോടതിയുടെ ഉത്തരവ്.

വിവാഹം കഴിക്കാൻ പോകുന്ന പെൺകുട്ടിയുടെ ഭാഗത്തുനിന്ന് ചിന്തിച്ചുകൊണ്ടാണ് പ്രശാന്തിന് പരോൾ നൽകുന്നത് എന്നാണ് കോടതി വ്യക്തമാക്കിയത്. ശിക്ഷിക്കപ്പെട്ടിട്ടും യുവാവിനോടുള്ള സ്നേഹം യുവതി തുടരുകയാണ്. വധുവിൻ്റെ ഈ ധീരമായ നിലപാട് കോടതിക്ക് അവഗണിക്കാനാവില്ല. ഈ വിധി പ്രശാന്തിന് വേണ്ടിയല്ല, മറിച്ച് സ്നേഹവും വാത്സല്യവും കാരണം അയാളെ വിവാഹം കഴിക്കാൻ തയ്യാറായ ആ പെൺകുട്ടിക്ക് വേണ്ടിയാണെന്നും കോടതി വ്യക്തമാക്കി. പ്രശാന്തിന് പരോൾ നൽകാൻ ഭരണഘടനാപരമായ വിശേഷാധികാരം ഉപയോഗിക്കുകയാണെന്നും കോടതി പറഞ്ഞു.

ജൂലൈ 12 മുതൽ 15 ദിവസത്തേക്കാണ് പ്രശാന്തിന് പരോൾ അനുവദിച്ചിരിക്കുന്നത്. ജൂലൈ 26-ന് വൈകുന്നേരം നാല് മണിക്ക് മുമ്പായി ഇയാൾ ജയിലിൽ തിരിച്ചെത്തണം. പരോൾ അനുവദിച്ച ഉത്തരവിലൂടെ, വിവാഹം കഴിക്കാൻ പോകുന്ന പെൺകുട്ടി സന്തോഷവതിയാകട്ടെ എന്ന് കോടതി പറഞ്ഞു. എല്ലാ അനുഗ്രഹങ്ങളും അവൾക്ക് നൽകുന്നുവെന്നും ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണൻ വിധിന്യായത്തിൽ ആശംസിച്ചു. 

ENGLISH SUMMARY:

Marriage Permission for Murder Convict: High Court Allows Parole