കൊല്ലം റെയിൽവേ സ്റ്റേഷനിൽ നിർമ്മാണത്തിലിരിക്കുന്ന കെട്ടിടത്തിൽ നിന്ന് കമ്പിയിളകി വീണ് രണ്ട് യാത്രക്കാർക്ക് പരുക്ക്. തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ സെക്രട്ടേറിയറ്റ് ജീവനക്കാരൻ സുധീഷ്, മൈനാഗപ്പള്ളി കടപ്പയിൽ എൽവിഎച്ച്എസ് അധ്യാപികയുമായ ആശാലത എന്നിവർക്കാണ് ഗുരുതര പരുക്കേറ്റത്. സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്തതാണ് അപകടത്തിന് കാരണമായത്
റെയിൽവേ സ്റ്റേഷനിലെ ഒന്നാം പ്ലാറ്റ്ഫോമിന് സമീപത്തുള്ള നിർമ്മാണത്തിൽ ഇരിക്കുന്ന നാലു നില കെട്ടിടത്തിൽ നിന്നാണ് കമ്പി ഇളകി വീണത്. രാവിലെ 9. 50 നായിരുന്നു അപകടം. ഇളകിയ കമ്പി മറ്റൊരു കമ്പിയിൽ വീണതിനുശേഷം താഴേയ്ക്ക് പതിച്ചത് കൊണ്ടാണ് വലിയ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത്. തലയ്ക്ക് പരുക്കേറ്റ ആശയെയും സുധീഷിനെയും ഓട്ടോ ഡ്രൈവർമാരാണ് കൊല്ലം ജില്ലാ ആശുപത്രിയിൽ എത്തിച്ചത്. സുധീഷ് തിരുവനന്തപുരത്തേക്ക് ട്രെയിൻ കയറാൻ എത്തിയതും ആശ കൊല്ലത്ത് ട്രെയിൻ ഇറങ്ങിയതും ആയിരുന്നു.
കൊല്ലം ജില്ലാ ആശുപത്രിയിൽ നിന്ന് സുധീഷിനെ സ്വകാര്യ ആശുപത്രിയിലേക്ക് ആശാലതയെ സഹകരണ ആശുപത്രിയിലേക്കും മാറ്റി. സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെയാണ് നിർമ്മാണ പ്രവർത്തനങ്ങൾ എന്ന് യാത്രക്കാരും ആരോപിക്കുന്നു.
കൂടുതൽ യാത്രക്കാർ പ്ലാറ്റ്ഫോമിൽ ഉള്ള സമയത്താണ് കമ്പി വീണിരുന്നെങ്കിൽ വലിയ അപകടമുണ്ടാകുമായിരുന്നു. സുരക്ഷാവലയടക്കം ഉപയോഗിച്ചുള്ള നിർമ്മാണ പ്രവർത്തനങ്ങൾ നടത്താത്തതാണ് ഇപ്പോഴുള്ള അപകടങ്ങൾക്ക് കാരണം.