bpcl-kochi

അമ്പലമുകള്‍ ബിപിസിഎല്‍ കൊച്ചി റിഫൈനറിക്കുള്ളിലെ പൊട്ടിത്തെറിയില്‍ നാല് കോടിയിലേറെ രൂപയുടെ നഷ്ടമെന്ന് പ്രാഥമിക വിലയിരുത്തല്‍.  3500 മീറ്ററിലേറെ കേബിള്‍ കത്തി നശിച്ചെന്നും പുനസ്ഥാപിക്കാന്‍ ചുരുങ്ങിയത് അഞ്ച് മാസമെടുക്കുമെന്നാണ് നിഗമനം. അപകടത്തെ തുടര്‍ന്ന് റിഫൈനറിയിലേക്ക് കെഎസ്ഇബി സബ്സ്റ്റേഷനില്‍ നിന്നുള്ള വൈദ്യുതിബന്ധം ഇല്ലാതായി. 

കെഎസ്ഇബിയുടെ ബ്രഹ്മപുരം സബ് സ്റ്റേഷനില്‍ നിന്ന് അമ്പലമുകള്‍ സബ്സ്റ്റേഷനുകളിലേക്കുള്ള ഭൂഗര്‍ഭ വൈദ്യുതി കേബിളാണ് ചൊവ്വാഴ്ച വലിയ പൊട്ടിത്തെറിയോടെ കത്തി നശിച്ചത്. വൈകീട്ട് നാലേമുക്കാലോടെ ആദ്യ പൊട്ടിത്തെറിയും പിന്നീട് ആറേകാലോടെ രണ്ടാമത്തെ പൊട്ടിത്തെറിയുമുണ്ടായി. അഞ്ച് കിലോമീറ്ററിലേറെ നീളമുള്ള കേബിളിന്‍റെ ട്രെഞ്ചിനുള്ളിലെ മുന്നൂറ് മീറ്ററോളം ദൂരത്തില്‍ കേബിള്‍ കത്തി നശിച്ചു. പന്ത്രണ്ട് കേബിളുകളാണ് ട്രെഞ്ചിലുണ്ടായിരുന്നത്. 

കേബിളുകള്‍ തമ്മില്‍ ബന്ധിപ്പിക്കുന്ന ഭാഗത്താണ് പൊട്ടിത്തെറിയുണ്ടായതെന്നാണ് കണ്ടെത്തല്‍. മൂന്ന് വര്‍ഷം മുന്‍പാണ് 13 ടവറുകളിലൂടെ പോയിരുന്ന 220 കെവി ലൈനുകള്‍ 117 കോടി ചെലവിലാണ് ബിപിസിഎല്ലിന്‍റെ ആവശ്യപ്രകാരം ഭൂഗര്‍ഭ കേബിളാക്കി മാറ്റിയത്. ചുരുങ്ങിയ കാലത്തിനിടയില്‍ തന്നെ കേബിളുകളില്‍ തകരാര്‍ സംഭവിക്കുന്നത് അപൂര്‍വമാണ്.പൊട്ടിത്തെറിയിലേക്കും ഇത്രയും വ്യാപകമായ നാശത്തിലേക്കും നയിച്ച കാരണം സംബന്ധിച്ചും പരിശോധന തുടരുകയാണ്.

കെഎസ്ഇബി കണക്ഷന്‍ ഇല്ലാതായതോടെ ബിപിസിഎലിന്‍റെ 165 മെഗാവാട്ട് ശേഷിയുള്ള ആഭ്യന്തര വൈദ്യുതോത്പാദന നിലയത്തില്‍ നിന്ന് വൈദ്യുതി ഉപയോഗിച്ചാണ് റിഫൈനറിയുടെ പ്രവര്‍ത്തനം.