കെ.സുരേന്ദ്രന്‍ പക്ഷത്തെ വെട്ടിനിരത്തി ബിജെപി സംസ്ഥാന ഭാരവാഹിപ്പട്ടിക പുറത്തിറക്കി. മുന്‍ ഡിജിപി ആര്‍.ശ്രീലേഖയും ഷോണ്‍ ജോര്‍ജും ഉള്‍പ്പെടെ 10 വൈസ് പ്രസിഡന്റുമാരുണ്ട്. എം.ടി.രമേശും ശോഭാ സുരേന്ദ്രനും എസ്.സുരേഷും അനൂപ് ആന്റണിയും ജനറല്‍ സെക്രട്ടറിമാര്‍. പട്ടികയില്‍ ആവശ്യമായ കൂടിയാലോചന നടന്നെന്നും ആര്‍ക്കും പരാതിയില്ലെന്നും എം.ടി.രമേശ് പ്രതികരിച്ചു.

ആര്‍.ശ്രീലേഖയ്ക്കും ഷോണ്‍ ജോര്‍ജിനും പുറമേ ബി. ഗോപാലകൃഷ്ണന്‍, സി.കൃഷ്ണകുമാര്‍, കെ.എസ്.രാധാകൃഷ്ണന്‍, സി.സദാനന്ദന്‍, പി.സുധീര്‍, ഡോ.അബ്ദുല്‍സലാം, കെ.സോമന്‍, കെ.കെ.അനീഷ്കുമാര്‍ എന്നിവരാണ് വൈസ് പ്രസിഡന്റുമാര്‍. അഡ്വ. ഇ.കൃഷ്ണദാസ് ട്രഷററായി. ഭാരവാഹിപ്പട്ടികയില്‍ ആര്‍ക്കും അതൃപ്തിയില്ലെന്നും, ഭാരവാഹികള്‍ മാത്രമല്ല പാര്‍ട്ടിയെന്നും ശോഭ സുരേന്ദ്രനും പ്രതികരിച്ചു.

രാജീവ് ചന്ദ്രശേഖര്‍ ബിജെപി സംസ്ഥാന അധ്യക്ഷനായി ചുമതലയേറ്റശേഷം നടക്കുന്ന ആദ്യ പുനസംഘടനയാണിത്. നേരത്തേ സംസ്ഥാന നേതൃത്വത്തില്‍ ജനറല്‍ സെക്രട്ടറിമാരുടെ എണ്ണത്തിലടക്കം മേധാവിത്വമുണ്ടായിരുന്ന കെ.സുരേന്ദ്രന്‍ വിഭാഗത്തിന് പുതിയ പട്ടിക കനത്ത തിരിച്ചടിയാണ്. എതിര്‍പക്ഷത്തെ പി.കെ.കൃഷ്ണദാസ് വിഭാഗത്തിന് നല്ല പരിഗണന ലഭിക്കുകയും ചെയ്തു. 

ENGLISH SUMMARY:

The BJP in Kerala has announced its new list of state office-bearers, notably sidelining members aligned with K. Surendran. Former DGP R. Sreelekha and Shone George are among 10 appointed Vice Presidents. M.T. Ramesh, Shobha Surendran, S. Suresh, and Anoop Antony have been named General Secretaries. The reorganization, the first under state president Rajeev Chandrasekhar, marks a setback for the Surendran faction, while the P.K. Krishnadas camp appears to have gained influence.