unni-mukundan-2

മുന്‍ മാനേജറെ മര്‍ദിച്ചിട്ടില്ലെന്ന നടന്‍ ഉണ്ണിമുകുന്ദന്‍റെ വാദങ്ങള്‍ ശരിവെച്ച് ഇന്‍ഫോപാര്‍ക്ക് പൊലീസിന്‍റെ കുറ്റപത്രം. പിടിവലിയിലാണ് മുന്‍ മാനേജര്‍ വിബിന്‍കുമാറിന് പരുക്കേറ്റതെന്നും കൂളിങ് ഗ്ലാസ് വലിച്ചെറിഞ്ഞ് നാശനഷ്ടമുണ്ടാക്കിയതായും പൊലീസിന്‍റെ അന്വേഷണത്തില്‍ കണ്ടെത്തി. ഇതോടെ നേരത്തെ ചുമത്തിയ ജാമ്യമില്ലാ വകുപ്പുകല്‍ ഒഴിവാക്കിയാണ് പൊലീസ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. ടൊവിനോ ചിത്രമായ നരിവേട്ടയെ പ്രശംസിച്ച് സമൂഹമാധ്യമങ്ങളില്‍ പോസ്റ്റിട്ടതിന് തന്നെ മര്‍ദിച്ചുവെന്നായിരുന്നു വിബിന്‍റെ പരാതി. സിസിടിവി ദൃശ്യങ്ങളടക്കം പരിശോധിച്ചാണ് മര്‍ദനമുണ്ടായിട്ടില്ലെന്ന ഇന്‍ഫോപാര്‍ക്ക് പൊലീസിന്‍റെ കണ്ടെത്തല്‍. 

മുന്‍ മാനേജരെ മര്‍ദിച്ചെന്ന കേസില്‍ നടന്‍ ഉണ്ണി മുകുന്ദനെ പൊലീസ് ചോദ്യംചെയ്തു. മര്‍ദിച്ചിട്ടില്ലെന്ന് ഉണ്ണിമുകുന്ദന്‍ മൊഴി നല്‍കി. കണ്ണട വലിച്ചെറിഞ്ഞത് വൈകാരിക പ്രകടനം മാത്രമെന്നുമാണ് ഉണ്ണി മുകുന്ദന്‍ മൊഴി നല്‍കിയത്.

അതേസമയം, സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന വ്യാജ വാർത്തകളിൽ പ്രതികരണവുമായി ഉണ്ണി മുകുന്ദൻ. തന്നെ പ്രതിനിധീകരിക്കുന്ന ഒരു പേഴ്സനൽ മാനേജർ ഇല്ലെന്നും, ഒരിക്കലും ഉണ്ടായിട്ടില്ലെന്നും ഉണ്ണി മുകുന്ദൻ വ്യക്തമാക്കുന്നു. എല്ലാ ഔദ്യോഗിക ആശയവിനിമയങ്ങളും, സഹകരണങ്ങളും, പ്രഫഷനൽ കാര്യങ്ങളും താൻ നേരിട്ടോ അല്ലെങ്കിൽ സ്വന്തം നിർമ്മാണ കമ്പനിയായ യുഎംഎഫ് (ഉണ്ണി മുകുന്ദൻ ഫിലിംസ്) വഴിയോ ആണ് കൈകാര്യം ചെയ്യുന്നതെന്നും താരം പറഞ്ഞു.

തന്നെക്കുറിച്ച് തെറ്റായതോ തെറ്റിദ്ധരിപ്പിക്കുന്നതോ ആയ വിവരങ്ങൾ പ്രചരിപ്പിക്കുന്നതിൽ നിന്ന് വ്യക്തികളോടും പ്ലാറ്റ്‌ഫോമുകളോടും മാറി നിൽക്കണമെന്ന് ശക്തമായി അഭ്യർഥിക്കുന്നു. അത്തരം തെറ്റായ അവകാശവാദങ്ങൾ പ്രചരിപ്പിക്കുന്നത് തുടരുന്നതു കണ്ടാൽ അവർക്കെതിരെ കർശനമായ നിയമനടപടി സ്വീകരിക്കുമെന്നും താരം വെളിപ്പെടുത്തി.

ENGLISH SUMMARY:

The Infopark Police chargesheet supports actor Unni Mukundan’s claim that he did not assault his former manager. The investigation found that former manager Vibin Kumar was injured during a scuffle and that the damage occurred when Unni Mukundan emotionally threw his sunglasses. As a result, the police dropped the previously filed non-bailable charges while submitting the chargesheet to the court. Vibin had earlier alleged that the actor assaulted him for praising the Tovino Thomas film Narivetta on social media. However, the police clarified — after examining CCTV footage — that no assault had taken place.