കോട്ടയം പാലാ ജനറൽ ആശുപത്രിയിൽ മുൻകൂർ അനുമതിയില്ലാതെയും സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെയും കെട്ടിടങ്ങൾ നിർമിച്ചു. പൊതുമരാമത്ത് കെട്ടിട വിഭാഗം ഉൾപ്പെടെ വിവിധ വകുപ്പ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിലാണ് അപാകതകൾ കണ്ടെത്തിയത്. അഗ്നിരക്ഷാസേനയുടെ നിരാക്ഷേപ പത്രവും കെട്ടിടങ്ങൾക്ക് ലഭിച്ചിട്ടില്ല.
ഏഴു വർഷം മുൻപു നിർമാണം പൂർത്തീകരിച്ച മൂന്നു കെട്ടിടങ്ങളെക്കുറിച്ചാണ് പരാതി. പൊതുമരാമത്ത് വകുപ്പ് കെട്ടിട വിഭാഗവും ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റും അഗ്നിരക്ഷാ സേനയും നഗരസഭയും ചേർന്നു നടത്തിയ സംയുക്ത പരിശോധനയിലാണ് ഗുരുതര വീഴ്ച കണ്ടെത്തിയത്. കെട്ടിട നിർമാണത്തിലെ അപാകം മൂലം അഗ്നിരക്ഷാ സേനയിൽ നിന്ന് ലഭിക്കേണ്ട നിരാക്ഷേപപത്രം ഇല്ലാതെയാണ് ആശുപത്രി കെട്ടിടങ്ങൾ പ്രവർത്തിക്കുന്നത്. മുൻകൂർ അനുമതിയില്ലാതെയും സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെയുമാണ് പല കെട്ടിടങ്ങളും നിർമിച്ചിരിക്കുന്നത്. എൻഒസി ഇല്ലാത്തതിനാൽ ഏതെങ്കിലും അപകടം ഉണ്ടായാൽ വ്യക്തികൾക്ക് ഇൻഷുറൻസ് തുക പോലും ലഭിക്കില്ല. അഗ്നിരക്ഷാ സേന നടത്തിയ സുരക്ഷാ പരിശോധനയിൽ അടിയന്തരമായി പരിഹരിക്കേണ്ട 33 പോരായ്മകൾ കണ്ടെത്തിയിട്ടുണ്ട്.
ബഹുനില മന്ദിരമായ ഡയഗ്‌നോസ്റ്റിക് സെന്ററിന്റെ അടിഭാഗം ഇടിഞ്ഞിരിക്കുകയാണ്. ഇവിടെ അടിയന്തരമായി സംരക്ഷണ ഭിത്തി നിർമിക്കണമെന്ന ആർഡിഒയുടെ നിർദേശം നടപ്പായിട്ടില്ല. കഴിഞ്ഞ ദിവസം ചേർന്ന താലൂക്ക് വികസന സമിതി യോഗത്തിലും വിഷയം ചർച്ച ചെയ്തു. കേരള കോൺഗ്രസ് പ്രവർത്തകർ കഴിഞ്ഞ ദിവസം ജനറൽ ആശുപത്രിയിലേക്ക് പ്രതിഷേധ മാർച്ച് നടത്തിയിരുന്നു.