ദേശീയ പണിമുടക്ക് ദിവസം ഗതാഗതമന്ത്രി കെ ബി ഗണേഷ് കുമാറിനെ തോൽപ്പിച്ച് കെഎസ്ആർടിസിയിലെ യൂണിയനുകൾ. പണിമുടക്ക് ദിവസം ആകെ നടന്നത് 250 ൽ താഴെ സർവീസുകൾ.
പണിമുടക്ക് തലേന്ന് ഗണേഷ് കുമാർ നടത്തിയ മാസ്സ് ഡയലോഗ് ആയിരുന്നു ഇത്. ഇതുകൊണ്ട് ഉണ്ടായത് രണ്ടു കാര്യങ്ങളാണ്. ഒന്ന് ഇടത് യൂണിയനുകൾ ഉൾപ്പെടെ സമരം ഘടിപ്പിക്കാൻ തീരുമാനിച്ചു. രണ്ട് മന്ത്രിയെ വിശ്വസിച്ച് പാവം ജനം റോഡിലിറങ്ങി. മന്ത്രിയുടെ പ്രസ്താവനയെ പ്രകോപനപരമായി കണ്ട യൂണിയനുകൾ സർവ്വശക്തിയും പുറത്തെടുത്തു. ദിവസം ശരാശരി 4450 സർവീസുകളാണ് നടക്കുന്നതെങ്കിൽ ഇന്നലെ സർവീസ് നടത്തിയത് 250 ഷെഡ്യൂളുകൾ മാത്രം. 21,000 ജീവനക്കാരിൽ 3000 പേർ ജോലിക്ക് എത്തിയെങ്കിലും ഗുണം ഉണ്ടായതുമില്ല. മന്ത്രിയുടെ സ്വന്തം തട്ടകമായ പത്തനാപുരത്ത് പോലും സർവീസ് നടത്തിയില്ല. പലയിടത്തും സംഘർഷവും ബസുകൾക്ക് കേടുപാടുമുണ്ടായി. ഡയസ്നോന് പുല്ലുവില കൽപ്പിച്ചാണ് ജീവനക്കാർ പണിമുടക്കിയത്. ഇതിനെല്ലാം പുറമെയാണ് ഇടതുമുന്നണിക്ക് ഉള്ളിൽ മന്ത്രിക്കെതിരെ വിമർശനം കടുത്തിട്ടുള്ളത്. ഇടത് നയങ്ങളോട് പിന്തിഞ്ഞുള്ള മന്ത്രിയുടെ റൂട്ട് മാറ്റത്തിൽ സിപിഎം ഇടപെട്ടേക്കുമെന്നാണ് സൂചന.