പത്തനംതിട്ട കൊറ്റനാട് ലൈഫ് പദ്ധതിയിൽ കിട്ടിയ വീട് ജപ്തി ചെയ്ത് കേരള ബാങ്ക്. നടപടി നിയമവിരുദ്ധമെന്ന് ചൂണ്ടിക്കാട്ടി വീട്ടുകാര്‍ രംഗത്തെത്തി. മുൻ സ്ഥലം ഉടമയുടെ വായ്പയുടെ പേരിലാണ് കുടുംബത്തെ വെളിയിലാക്കിയത്. അതേസമയം കോൺഗ്രസ് പ്രവർത്തകരെത്തി വീടിന്റെ പൂട്ടുപൊളിച്ച് വീട്ടുകാരെ അകത്തു പ്രവേശിപ്പിച്ചു.
Also Read: ഗൃഹനാഥന്‍ ജീവനൊടുക്കിയ സംഭവം; കേരള ബാങ്കിനെതിരെ പ്രതിഷേധം
എറണാകുളത്ത് ജപ്തി ഭീഷണിമൂലം ഗൃഹനാഥന്‍ ജീവനൊടുക്കിയസംഭവത്തില്‍ കേരള ബാങ്കിനെതിരെ പ്രതിഷേധം ശക്തമാണ്. ജപ്തി ഒഴിവാക്കാന്‍ പതിനഞ്ച് ദിവസത്തെ സാവകാശം ആവശ്യപ്പെട്ടെങ്കിലും ബാങ്ക് അധികൃതര്‍ മനസലിവ് കാട്ടിയില്ലെന്ന് മരിച്ച മധുവിന്‍റെ ഭാര്യ മനോരമ ന്യൂസിനോട് പറഞ്ഞു. ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയിട്ടില്ലെന്നും കുടുംബത്തിന്‍റെ പരാതി പരിശോധിക്കുമെന്നും പൊലീസ് വ്യക്തമാക്കി.
കുറുമശേരിയിലെ വീട്ടില്‍ ഇന്നലെയാണ് മധുവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. വീട് നിര്‍മാണത്തിന് ബാങ്കില്‍ നിന്ന് വായ്പ എടുത്തിരുന്നു. ഗള്‍ഫില്‍ ഡ്രൈവറായി ജോലി ചെയ്തിരുന്ന മധുവിന് കോവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് നാട്ടിലേയ്ക്ക് മടങ്ങേണ്ടിവന്നു. വായ്പ തിരിച്ചടവ് പലപ്പോഴും പ്രതിസന്ധിയിലായി. ബാങ്ക് തുടര്‍ച്ചയായി ജപ്തി ഭീഷണി മുഴക്കി. വീട് വിറ്റ് വായ്പ തിരിച്ചടയ്ക്കാന്‍ സാവകാശം ചോദിച്ചെങ്കിലും അനുവദിക്കാതിരുന്നത് മധുവിനെ മാനസികമായി തളര്‍ത്തിയെന്ന് കുടുംബം ആരോപിച്ചു. ബന്ധുക്കളും നാട്ടുകാരും കേരള ബാങ്ക് ശാഖയ്ക്ക് മുന്നില്‍ പ്രതിഷേധിച്ചു.