എറണാകുളം കുറുമശേരിയില്‍ ജപ്തി ഭീഷണിമൂലം ഗൃഹനാഥന്‍ ജീവനൊടുക്കിയ സംഭവത്തില്‍ കേരള ബാങ്കിനെതിരെ പ്രതിഷേധം. ജപ്തി ഒഴിവാക്കാന്‍ പതിനഞ്ച് ദിവസത്തെ സാവകാശം ആവശ്യപ്പെട്ടെങ്കിലും ബാങ്ക് അധികൃതര്‍ മനസലിവ് കാട്ടിയില്ലെന്ന് മരിച്ച മധുവിന്‍റെ ഭാര്യ മനോരമ ന്യൂസിനോട് പറഞ്ഞു. ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയിട്ടില്ലെന്നും കുടുംബത്തിന്‍റെ പരാതി പരിശോധിക്കുമെന്നും പൊലീസ് വ്യക്തമാക്കി.
ഏറെ മോഹിച്ച് പണിതീര്‍ത്ത വീടിന്‍റെ അകത്തളത്തില്‍ മധു മോഹന്‍ അവസാനയാത്രയ്ക്ക് എത്തി. പതിമൂന്നും ആറും വയസുള്ള പറക്കമുറ്റാത്ത പെണ്‍മക്കളെയും ഭാര്യയെയും തനിച്ചാക്കി. കുറുമശേരിയിലെ വീട്ടില്‍ ഇന്നലെയാണ് മധുവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. വീട് നിര്‍മാണത്തിന് ബാങ്കില്‍ നിന്ന് വായ്പ എടുത്തിരുന്നു. ഗള്‍ഫില്‍ ഡ്രൈവറായി ജോലി ചെയ്തിരുന്ന മധുവിന് കോവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് നാട്ടിലേയ്ക്ക് മടങ്ങേണ്ടിവന്നു. വായ്പ തിരിച്ചടവ് പലപ്പോഴും പ്രതിസന്ധിയിലായി. ബാങ്ക് തുടര്‍ച്ചയായി ജപ്തി ഭീഷണി മുഴക്കിയതോടെ വീട് വിറ്റ് വായ്പ തിരിച്ചടയ്ക്കാന്‍ സാവകാശം ചോദിച്ചെങ്കിലും അനുവദിക്കാതിരുന്നത് മധുവിനെ മാനസികമായി തളര്‍ത്തിയെന്ന് കുടുംബം.
ചെങ്ങമനാട് പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. മധുവിന്‍റെ സംസ്ക്കാരം സെമിനാരിപ്പടി എന്‍എസ്എസ് ശ്മശാനത്തില്‍ നടന്നു. ബന്ധുക്കളും നാട്ടുകാരും കേരള ബാങ്ക് ശാഖയ്ക്ക് മുന്നില്‍ പ്രതിഷേധിച്ചു.