TOPICS COVERED

ഒരു മാസത്തോളമായി ഇന്ത്യയില്‍ കുടുങ്ങിയ ബ്രിട്ടീഷ് യുദ്ധ വിമാനം എഫ്-35ബി ഉടനെ തിരികെ മടങ്ങാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. വിമാനത്തിന്‍റെ സാങ്കേതിക തകരാര്‍ ബ്രിട്ടീഷ് എന്‍ജിനീയര്‍മാര്‍ പരിഹരിച്ചു വരികയാണെന്നും അടുത്ത ആഴ്ചയോടെ വിമാനം ബ്രിട്ടനിലേക്ക് തിരികെ പറക്കുമെന്നും ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ പറഞ്ഞതായി അസോസിയേറ്റ് പ്രസ് റിപ്പോര്‍ട്ട് ചെയ്തു.

Also Read: 'ഇന്ത്യന്‍ റഡാറില്‍ കുടുങ്ങിയതോടെ എഫ്-35ന് പാളി; തിരുവനന്തപുരത്ത് ഇറക്കാന്‍ കാരണം ഇന്ധനം തീര്‍ന്നതല്ല'; വാദിച്ച് യൂട്യൂബര്‍

പോര്‍വിമാനത്തിന്‍റെ സാങ്കേതിക തകരാര്‍ പരിഹാരിക്കാനായില്ലെങ്കില്‍ വിമാനത്തെ ചരക്കുവിമാനത്തില്‍ ബ്രിട്ടനിലേക്ക് എത്തിക്കുമെന്നായിരുന്നു ആദ്യ വാര്‍ത്തകള്‍. ഈ വാദത്തെ യു.കെ. പ്രതിരോധ മന്ത്രാലയം തള്ളി. വിമാനത്തെ വിലയിരുത്താനും അറ്റകുറ്റപണിക്കുമാണ് എന്‍ജിനീയറിങ് ടീമിനെ വിന്യസിച്ചതെന്ന് ബ്രിട്ടീഷ് ഹൈക്കമ്മീഷനും വ്യക്തമാക്കി. 

നിരവധി ട്രോളുകള്‍ക്കും പരസ്യങ്ങള്‍ക്കും കാരണമായാണ് എഫ്35ബി മടക്കത്തിന് ഒരുങ്ങുന്നത്. 'കേരളം സുന്ദരമായ സ്ഥലമാണ്, എനിക് ഇവിടെ നിന്നും മടങ്ങാന്‍ തോനുന്നില്ല' എന്ന പരസ്യ വാചകത്തോടെ എഫ്-35 ഉപയോഗിച്ച് കേരള ടൂറിസം പരസ്യമിറക്കിയിരുന്നു. ഇതിന് പിന്നാലെ ചെറുതും വലുതുമായ കമ്പനികളെല്ലാം എഫ്35നെ പരസ്യത്തിനായി ഉപയോഗിച്ചു. ആഴ്ചകളോളം വെയിലും മഴയും കൊണ്ട ശേഷം കഴിഞ്ഞ ദിവസമാണ് യുകെയില്‍ നിന്നെത്തിയ വിദഗ്ധ സംഘം വിമാനത്തെ ഹാങറിലേക്ക് മാറ്റി അറ്റകുറ്റപണി തുടങ്ങിയത്. 

ജൂണ്‍ 14 നാണ് ബ്രിട്ടീഷ് റോയല്‍ നേവിയുടെ എഫ്–35 പോര്‍വിമാനം തിരുവനന്തപുരം വിമാനത്താവളത്തില്‍ അടിയന്തര ലാന്‍ഡിങ് നടത്തിയത്. ഇന്ത്യയുമായുള്ള 'ഓപ്പറേഷന്‍ ഹൈ മാസ്റ്റ്' സൈനികാഭ്യാസത്തിനിടെയാണ് എഫ്-35 തിരുവനന്തപുരത്ത് വന്നിറങ്ങുന്നത്. വിമാനത്തിന് ഇന്ധനം തീര്‍ന്നെന്നും മോശം കാലാവസ്ഥയില്‍ പറന്നിറങ്ങിയ യുദ്ധവിമാനത്തിലേക്ക് ലാന്‍ഡിങ് പറ്റിയില്ല എന്നുമൊക്കെയാണ് അടിയന്തര ലാന്‍ഡിങിന്‍റെ കാരണമായി പറഞ്ഞത്. 

അതേസമയം വിമാനം മടങ്ങുന്നതിന്‍റെ തയ്യാറെടുപ്പ് നടത്തുന്നതിനിടെ വാടക എത്രയെന്ന് വീണ്ടും ചര്‍ച്ചയായിട്ടുണ്ട്. തിരുവനന്തപുരം വിമാനത്താവളത്തില്‍  വിഐപി വിമാനങ്ങൾ ഉപയോഗിക്കുന്ന ബേ 4 ലാണ് എഫ്-35 പാര്‍ക്ക് ചെയ്തിരുന്നത്. എന്നാല്‍ പോര്‍ വിമാനമായതിനാല്‍ വിഷയത്തില്‍ കേന്ദ്രസർക്കാര്‍ തീരുമാനമെടുക്കും എന്നാണ് വിവരം. അദാനി തിരുവനന്തപുരം ഇന്‍റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡാണ് തിരുവനന്തപുരം വിമാനത്താവളം നിയന്ത്രിക്കുന്നത്. 

വിമാനത്തിന്‍റെ പരമാവധി ടേക്ക് ഓഫ് ഭാരം അടിസ്ഥാനമാക്കിയാണ് പാര്‍ക്കിങ് ഫീസ് ഈടാക്കുക. 10.7 മെട്രിക് ടണ്‍ ഭാരമുള്ള ചെറിയ ജെറ്റ് വിമാനങ്ങള്‍ക്ക് 5,000 രൂപയാണ് വാടക. 45.2 മെട്രിക് ടണ്‍ ഭാരമുള്ള വിമാനങ്ങള്‍ക്ക് ദിവസം 50,000 രൂപ വരെ ചാര്‍ജ് ഈടാക്കും. 27,300 കിലോ അഥവാ 27.3 മെട്രിക് ടണ്ണാണ് എഫ്-35 ന്‍റെ ഭാരം. അതിനാല്‍ ഏകദേശം 26,261 രൂപയോളം പ്രതിദിന വാടകയായി നല്‍കേണ്ടി വരുമെന്നാണ് ഇന്ത്യന്‍ ഡിഫന്‍സ് റഫിസര്‍ച്ച് വിങ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

ENGLISH SUMMARY:

After a month-long stay in India due to a technical glitch, the British F-35B fighter jet is reportedly ready to return to the UK. British engineers have successfully repaired the aircraft, which had become a meme sensation and tourist advertisement, with discussions now turning to its parking fees at Thiruvananthapuram airport.