കേന്ദ്രസർക്കാർ നയങ്ങളിൽ പ്രതിഷേധിച്ച് തൊഴിലാളി സംഘടനകളുടെ അഖിലേന്ത്യ പണിമുടക്ക് തുടരുന്നു. 10 തൊഴിലാളി യൂണിയനുകളാണ് രാജ്യവ്യാപകമായി പ്രതിഷേധിക്കുന്നത്.  തൊഴിൽ നിയമം, സ്വകാര്യവത്കരണം, കരാർ തൊഴിൽ വ്യാപകമാക്കൽ തുടങ്ങിയവ പിൻവലിക്കണം എന്നത് അടക്കമുള്ള 17 ഇന ആവശ്യങ്ങൾ ഉന്നയിച്ചാണ് പണിമുടക്ക്. അവശ്യ സേവനങ്ങളെ പണിമുടക്കിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. സംഘപരിവാർ സംഘടനയായ ബിഎംഎസ് പണിമുടക്കിൽ നിന്ന് വിട്ടുനിൽക്കുകയാണ്. 

ഡല്‍ഹിയിലും മുംബൈയിലും പണിമുടക്ക് ബാധിച്ചില്ല. ചെന്നൈയിലും ബെംഗളൂരുവിലും ജനജീവിതം സാധാരണനിലയില്‍. വാഹനങ്ങള്‍ സര്‍വീസ് നടത്തുന്നു. ട്രെയിന്‍, മെട്രോ സര്‍വീസുകളെ പണിമുടക്ക് കാര്യമായി ബാധിച്ചിട്ടില്ല. ബംഗാള്‍ ജാദവ്പുരിലും ട്രെയിന്‍ തടയാന്‍ ശ്രമം. ജാദവ്പുരില്‍ ഡ്രൈവര്‍മാര്‍ ഹെല്‍മെറ്റ് ധരിച്ച് ജോലിചെയ്യുന്നു. ബിഹാറില്‍ സമരാനുകൂലികള്‍ ട്രെയിന്‍ തടഞ്ഞു. ദേശീയപാതയില്‍ ടയറുകള്‍ കത്തിച്ചു. റോഡ് ഉപരോധം തുടരുന്നു

കേന്ദ്ര നയങ്ങള്‍ക്കെതിരെ പ്രതിപക്ഷ ട്രേഡ് യൂണിയനുകളുടെ അഖിലേന്ത്യാ പണിമുടക്കില്‍ വലഞ്ഞ് സംസ്ഥാനം. കെ.എസ്.ആര്‍.ടി.സിയും സ്വകാര്യ ബസുകളും സര്‍വിസ് നടത്താത്തിനാല്‍ യാത്രക്കാര്‍ ദുരിതത്തിലായി. തിരുവനന്തപുരത്ത് കെഎസ്ആര്‍ടിസി സര്‍വീസ് നടത്തുന്നില്ല. എറണാകുളം കെഎസ്ആര്‍ടിസി ഡിപ്പോയില്‍ ബസ് തടഞ്ഞു. തിരുവനന്തപുരത്ത് റയില്‍വേ സ്റ്റേഷനില്‍ നിന്ന് ആര്‍സിസിയിലേക്കും മെഡിക്കല്‍ കോളജ്, ശ്രീചിത്ര എന്നിവിടങ്ങളിലേക്കും പൊലീസ് പ്രത്യേക സര്‍വീസുകള്‍ നടത്തുന്നത് രോഗികള്‍ക്ക് ആശ്വാസമായി. കൊച്ചി മെട്രോ സര്‍വീസ് നടത്തുന്നുണ്ട്. ട്രെയിന്‍ സര്‍വീസുകളും കേരളത്തില്‍ സാധാരണനിലയിലാണ്. 

ആലപ്പുഴയില്‍ കെഎസ്ആര്‍ടിസി ബസുകളും ബോട്ടുകളും ഇല്ല. ചമ്പക്കുളത്തേക്ക് പൊലീസ് സംരക്ഷണയിലാണ് സര്‍വീസ്. നെടുമങ്ങാട് ഡിപ്പോയില്‍ കെഎസ്ആര്‍ടിസി ബസുകള്‍ തടഞ്ഞു. കോഴിക്കോട് പാവങ്ങാട് ഡിപ്പോയിലും ബസുകള്‍ തടഞ്ഞു. കല്‍പറ്റയില്‍ വാഹനങ്ങള്‍ തടയുന്നു. സ്വകാര്യബസുകള്‍ സര്‍വീസ് നടത്തുന്നില്ല.

ഗതാഗത മന്ത്രി കെ.ബി.ഗണേഷ്കുമാറിന്റെ പത്തനാപുരത്തും കെഎസ്ആര്‍ടിസി സര്‍വീസ് ഇല്ല. ജോലിക്കെത്തിയവരും സമരക്കാരും തമ്മില്‍ തര്‍ക്കമുണ്ടായി. സമരക്കാര്‍ ബസുകള്‍ തടയുന്നു. 

ENGLISH SUMMARY:

The ongoing all-India strike by trade unions has disrupted public life in Kerala, with major transport services halted. Meanwhile, metro cities like Delhi, Mumbai, Chennai, and Bengaluru remain unaffected, with normal public transportation.