കേരള സർവകലാശാലയിൽ അതിക്രമം കാട്ടാൻ പൊലീസ് എസ്.എഫ്.ഐയ്ക്ക് കൂട്ടുനിന്നെന്ന് ആക്ഷേപം. പൊലീസ് കയ്യുംകെട്ടി നോക്കിനിന്നതുകൊണ്ടാണ് എസ്.എഫ്.ഐ പ്രവർത്തകർ സർവകലാശാലയ്ക്കുള്ളിൽ പ്രവേശിച്ചതെന്ന് ദൃശ്യങ്ങളും തെളിയിക്കുന്നു. സർവകലാശാലയിൽ നടന്നത് സർക്കാർ സ്പോൺസേഡ് സമരമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും പരിഹസിച്ചു.
സമരവേലിയേറ്റങ്ങളുടെ കാലമാണല്ലോ. അപ്പോൾ രണ്ടു കൂട്ടരെ ഒരേ പൊലീസ് നേരിടുന്ന ചില ദൃശ്യങ്ങൾ കാണാം. കോട്ടയം മെഡിക്കൽ കോളജ് അപകടത്തിൽ തലയോലപ്പറമ്പ് സ്വദേശി ബിന്ദു മരിച്ചതിന് പിന്നാലെ യൂത്ത് കോൺഗ്രസുകാർ ആരോഗ്യമന്ത്രിയുടെ വസതിയിലേക്ക് നടത്തിയ മിന്നൽ സമരം. കേരളാ പൊലീസിന്‍റെ കർമ്മശേഷി സമരക്കാർ നന്നായി അറിഞ്ഞു. വീടിന്‍റെ ഗേറ്റ് കടക്കാൻ പൊലീസ് അനുവദിച്ചില്ല.ഇക്കഴിഞ്ഞ ശനിയാഴ്ച വീണ്ടും ആരോഗ്യമന്ത്രിയുടെ വസതി ലക്ഷ്യംവച്ച് വന്ന യൂത്ത് കോൺഗ്രസുകാർക്ക് നേരെ ഒന്നും രണ്ടും തവണയല്ല, പതിനാറ് തവണയാണ് ജലപീരങ്കി പ്രയോഗിച്ചത്. അവസാനം വെള്ളം ചീറ്റി ചീറ്റി ജലപീരങ്കി പോലും കാലിയായി.
ഇനി ഇന്നലെ നടന്ന എസ്.എഫ്.ഐയുടെ സർവകലാശാല സമരം കാണാം. ഗേറ്റിന് അടുത്ത് പൊലീസുകാർ നിൽക്കുന്നു. പൊലീസ് നോക്കിനിൽക്കെ തന്നെ എസ്.എഫ്.ഐ പ്രവർത്തകർ സർവകലാശാലയിലേക്ക് ഇരച്ചുകയറുന്നു. സമരത്തിനിടെ പൊലീസുകാർക്കും സർവകലാശാല ജീവനകാർക്കും പരുക്കേറ്റെന്ന് എഫ്.ഐ.ആറിലുമുണ്ട്.
അറസ്റ്റിലായ എസ്.എഫ്.ഐ നേതാക്കൾക്കും പ്രവർത്തകർക്ക് നേരെ ജാമ്യമില്ലാ വകുപ്പ് ചുമത്താതിരിക്കാനും പൊലീസിന് മേൽ സമ്മർദ്ദമുണ്ടായി. എന്നാൽ, അതിക്രമത്തിൽ ഗവർണർ റിപ്പോർട്ട് തേടിയാൽ തടികേടാകുമെന്ന് ഉറപ്പിച്ചാണ് പൊലീസ് കേസെടുത്തത്. പൊലീസിന്‍റെ ഒത്താശ ഉയർത്തി പ്രതിപക്ഷവും രംഗത്തെത്തിയിട്ടുണ്ട്.