ഫയല്‍ ചിത്രം: ജോസുകുട്ടി പനയ്ക്കല്‍
കേന്ദ്രസര്‍ക്കാര്‍ നയങ്ങളില്‍ പ്രതിഷേധിച്ച് രാജ്യവ്യാപകമായി തൊഴിലാളി സംഘടനകള്‍ ആഹ്വാനം ചെയ്ത 24 മണിക്കൂര്‍ പണിമുടക്ക് പുരോഗമിക്കുകയാണ്. പൊതുമേഖല സ്ഥാപനങ്ങളിലെ അടക്കം 25 കോടിയിലേറെ തൊഴിലാളികള്‍ പണിമുടക്കില്‍ പങ്കുചേരുന്നുവെന്നാണ് അനൗദ്യോഗിക റിപ്പോര്‍ട്ടുകള്‍. പണിമുടക്കില്‍ പങ്കുചേരുമെന്ന് ബാങ്ക് ജീവനക്കാരുടെ യൂണിയനുകള്‍ അറിയിച്ചിട്ടുണ്ട്. ബാങ്കിങ് പ്രവര്‍ത്തനങ്ങളും ഇതോടെ താറുമാറേയക്കും. അതേസമയം, ബാങ്കുകള്‍ക്ക് ഔദ്യോഗികമായി അവധി പ്രഖ്യാപിച്ചിട്ടില്ല.
File Image
സ്കൂള്‍ പ്രവര്‍ത്തിക്കുമോ?
രാജ്യവ്യാപക പണിമുടക്കില്‍ പൊതു–സ്വകാര്യ ഗതാഗതം സ്തംഭിച്ചേക്കുമെന്നതിനാല്‍ സ്കൂളുകളുടെയും കോളജുകളുടെയും പ്രവര്‍ത്തനത്തെയും ബാധിക്കും. ഔദ്യോഗിക അവധി പ്രഖ്യാപിച്ചിട്ടില്ല. അതേസമയം, കേരളത്തില്‍ വിവിധ സര്‍വകലാശാലകള്‍ നടത്താനിരുന്ന പരീക്ഷകള്‍ മാറ്റിവച്ചിട്ടുണ്ട്. കണ്ണൂര്‍ സര്‍വകലാശാല നടത്താനിരുന്ന എംബിഎ രണ്ടാം സെമസ്റ്റര്‍ പരീക്ഷ മാറ്റി. പരീക്ഷ ഈ മാസം 27 ന് നടത്തും. കാലിക്കറ്റ് സര്‍വകലാശാല നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റി.
പണിമുടക്കിനെ തുടര്‍ന്ന് ട്രെയിന്‍ സര്‍വീസുകളിലും തടസം നേരിട്ടേക്കാം. ട്രെയിനുകള്‍ വൈകാനും പ്രതിഷേധത്തിനും സാധ്യതയുണ്ട്. രാജ്യമെമ്പാടും വൈദ്യുതി വിതരണത്തിലും പ്രതിസന്ധി നേരിട്ടേക്കാമെന്നും പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു. 27 ലക്ഷത്തോളം വൈദ്യുതി വകുപ്പ് ജീവനക്കാരാണ് ഇന്നത്തെ പണിമുടക്കില്‍ പങ്കുചേരുന്നത്.
പോസ്റ്റല്‍, ഖനനം, ഇന്‍ഷൂറന്‍സ് എന്നീ മേഖലകളിലെ തൊഴിലാളികളും പണിമുടക്കില്‍ പങ്കുചേരും. തൊഴിൽ നിയമം, സ്വകാര്യവത്കരണം, കരാർ തൊഴിൽ വ്യാപകമാക്കൽ തുടങ്ങിയവ പിൻവലിക്കണം എന്നത് അടക്കമുള്ള 17 ഇന ആവശ്യങ്ങൾ ഉന്നയിച്ചാണ് പണിമുടക്ക്. അവശ്യ സേവനങ്ങളെ പണിമുടക്കിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. സംഘപരിവാർ സംഘടനയായ ബിഎംഎസ് പണിമുടക്കിൽ നിന്ന് വിട്ടുനിൽക്കുകയാണ്.