തിരുവനന്തപുരം വിമാനത്താവളത്തില്‍ കിടക്കുന്ന ബ്രിട്ടീഷ് റോയല്‍ നേവിയുടെ എഫ്-35ബി പോര്‍ വിമാനം. Image Credit: X/muditjps ·

935 കോടി രൂപയുടെ ബ്രിട്ടന്‍റെ എഫ്-35ബി പോര്‍വിമാനം കേരളത്തിലെ മഴയും വെയിലും കൊണ്ട് അവസാനം എയര്‍ ഇന്ത്യയുടെ ഹാങറിലേക്ക് കയറി. പോര്‍വിമാനം നിര്‍മിച്ച ലോക്ക്ഹീഡ് മാർട്ടിനില്‍ നിന്നടക്കമുള്ള വിദഗ്ധ സംഘം എഫ്-35ബിയെ അഴിച്ചുപണിയുകയാണ്. ആഴ്ച രണ്ട് കഴിഞ്ഞെങ്കിലും പോര്‍വിമാനത്തിന്‍റെ അടിയന്തര ലാന്‍ഡിങിന്‍റെ കാരണങ്ങളില്‍ ഇന്നും ഉത്തരം കിട്ടാത്ത ചോദ്യങ്ങള്‍ ബാക്കിയാണ്. 

ഇന്ത്യന്‍ റഡാറിന്‍റെ പരിധിയിലെത്തിയതോടെ എഫ്-35ബിയെ കണ്ടെത്തുകയും ലോക്ക് ചെയ്യുകയും ചെയ്തു എന്നൊരു നിരീക്ഷണം നടത്തുകയാണ് യൂട്യൂബറായ അമിത് സെന്‍ഗുപ്ത. പൈലറ്റിന്‍റെ സ്വന്തം തീരുമാനപ്രകാരമല്ല തിരുവനന്തപുരത്തെ ലാന്‍ഡിങ് എന്നും പോര്‍വിമാനത്തിലെ ഓട്ടോമാറ്റിക് സംവിധാനമാണ് ഇതിന് പിന്നിലെന്നും അമിത് വാദിക്കുന്നു. 

പോര്‍വിമാനം കുടുങ്ങിയതിന് കാരണം  ഒരു സാധാരണ സാങ്കേതിക തകരാറായിരിക്കില്ലെന്നും നിർമാതാവിന് മാത്രം ആക്‌സസ് ചെയ്യാൻ കഴിയുന്ന എൻക്രിപ്റ്റ് ചെയ്‌ത സോഫ്‌റ്റ്‌വെയർ, ഫേംവെയർ അല്ലെങ്കിൽ സ്റ്റെൽത്ത് ഘടകങ്ങൾ എന്നിവ ഉൾപ്പെടുന്ന ആഴത്തിലുള്ള പ്രശ്‌നമാകാം എന്നാണ് വിഡിയോയില്‍ പറയുന്നത്. വിമാനത്തിന്‍റെ അറ്റകുറ്റപണി മറ്റാര്‍ക്കും സാധിക്കാത്ത വിധം സങ്കീര്‍ണമായതിന്‍റെ കാരണം ജെറ്റ് ലോക്കായതാണെന്നും അണ്‍ലോക്ക് ചെയ്യാന്‍ അംഗീകൃത പരിശീലനം ലഭിച്ച നിർമ്മാതാക്കളായ ലോക്ക്ഹീഡ് മാർട്ടിനിൽ നിന്നുള്ളവര്‍ ആവശ്യമാണെന്നും വിഡിയോയിലുണ്ട്. 

എഫ്-35ബി തിരുവനന്തപുരം വിമാനത്താവളത്തിലെ അറ്റകുറ്റപണി കേന്ദ്രത്തില്‍. Image Credit: UKDefenceIndia via PTI Photo

മോശം കാലാവസ്ഥയും ഇന്ധന കുറവുമാണ് വിമാനത്തെ ഇന്ത്യയില്‍ ലാന്‍ഡ് ചെയ്യാന്‍ പ്രേരിപ്പിച്ചതെന്ന വാദത്തെ തള്ളുന്നത് ഇങ്ങനെയാണ്. 'ബ്രിട്ടീഷ് നേവി വിമാനങ്ങള്‍ കൂട്ടമായാണ് സഞ്ചരിക്കുന്നത്. കടലില്‍ ലാന്‍ഡിങിനും മറ്റുമുള്ള പിന്തുണ ലഭിക്കും. അതിനാല്‍ തന്നെ നാറ്റോ രാജ്യമല്ലാത്ത ഇന്ത്യയില്‍ എഫ്-35 ഇറങ്ങിയിട്ടുണ്ടെങ്കില്‍ ഇത് പൈലറ്റിന്‍റെ സ്വന്തം തീരുമാനപ്രകാരമല്ല. എഫ്-35B ലാൻഡ് ചെയ്തത് തിരുവനന്തപുരത്തെ സിവിലിയന്‍ എയർപോർട്ടിലാണ്, അതിനടുത്തുള്ള എയർഫോഴ്സ് സ്റ്റേഷനിൽ പോലുമല്ല. ഇതിന് കാരണം ഫ്ലൈറ്റിന്‍റെ മാനുവൽ നിയന്ത്രണങ്ങൾ ലോക്കാവുകയും എമർജൻസി ലാൻഡിംഗ് പ്രോട്ടോക്കോളിന്‍റെ ഭാഗമായി ഏറ്റവും അടുത്തുള്ള സുരക്ഷിത സിവിലിയൻ റൺവേ തിരഞ്ഞെടുക്കുകയും ചെയ്തതിനാലാണ്' എന്ന് അദ്ദേഹം അവകാശപ്പെടുന്നു.

ഇന്ത്യയുടെ ഇന്‍റഗ്രേറ്റഡ് എയര്‍ കമാന്‍ഡ് ആന്‍ഡ് കണ്‍ട്രോള്‍ സിസ്റ്റം (ഐ.എ.സി.സി.എസ്) പോര്‍വിമാനത്തെ കണ്ടെത്തുകയും തിരിച്ചറിയുകയും ചെയ്തു എന്നായിരുന്നു ഇന്ത്യന്‍ വ്യോമസേന അറിയിച്ചത്. വ്യോമ ഭീഷണികൾ നിരീക്ഷിക്കുന്നതിനുള്ള ഇന്ത്യയുടെ ഉയർന്ന തലത്തിലുള്ള പ്രതിരോധ ശൃംഖലയാണ് ഐ.എ.സി.സിഎസ്. എഫ്-35ബി നിശ്ചിത പരിധിയിലേക്ക് പ്രവേശിച്ചയുടൻ, ഇന്ത്യയുടെഐ.എ.സി.സി.എസ് റഡാർ, ഇലക്ട്രോണിക് യുദ്ധ സംവിധാനങ്ങൾ ഉപയോഗിച്ച് വിമാനത്തെ കണ്ടെത്തുകയും അതിനെ 'ലോക്ക്' ചെയ്യുകയും ചെയ്തു. ഇതോടെ എഫ്-35 ബിയിലെ സ്വയം-പ്രതിരോധ സംവിധാനം പ്രവര്‍ത്തിക്കാന്‍ തുടങ്ങിയെന്നാണ് വിഡിയോയിലുള്ളത്. 

സംയുക്ത സൈനിക അഭ്യാസത്തിന്‍റെ ഭാഗമായി ബ്രിട്ടന്‍ ഇന്ത്യയുടെ റഡാര്‍ പ്രതിരോധത്തെ പരീക്ഷിച്ചതാകാം ഇതെന്നാണ് മറ്റൊരു നിരീക്ഷണം. സംയുക്ത സൈനിക അഭ്യാസത്തിന്‍റെ പേരില്‍ എഫ്- 35 ഉപയോഗിച്ച് ഇന്ത്യയുടെ വ്യോമ പ്രതിരോധ ശ്രംഖലയെ പരീക്ഷിച്ചു. ഇന്ത്യയുടെ റഡാർ കവറേജും ഇലക്ട്രോണിക് പ്രതികരണ പാറ്റേണുകളും മാപ്പ് ചെയ്യാനായി സ്റ്റെൽത്ത് ജെറ്റ് ഉപയോഗിച്ചിരിക്കാമെന്നാണ് അമിത് സെന്‍ഗുപ്തയുടെ നിരീക്ഷണം. 

ജൂണ്‍ 14 നാണ് ബ്രിട്ടീഷ് റോയല്‍ നേവിയുടെ എഫ്–35 പോര്‍വിമാനം തിരുവനന്തപുരം വിമാനത്താവളത്തില്‍ അടിയന്തര ലാന്‍ഡിങ് നടത്തിയത്. ഇന്ത്യയുമായുള്ള 'ഓപ്പറേഷന്‍ ഹൈ മാസ്റ്റ്' സൈനികാഭ്യാസത്തിനിടെയാണ് എഫ്-35 തിരുവനന്തപുരത്ത് വന്നിറങ്ങുന്നത്. വിമാനത്തിന് ഇന്ധനം തീര്‍ന്നെന്നും മോശം കാലാവസ്ഥയില്‍ പറന്നിറങ്ങിയ യുദ്ധവിമാനത്തിലേക്ക് ലാന്‍ഡിങ് പറ്റിയില്ല എന്നുമൊക്കെയാണ് അടിയന്തര ലാന്‍ഡിങിന്‍റെ കാരണമായി പറഞ്ഞത്. കഴിഞ്ഞ ദിവസം ബ്രിട്ടന്‍റെ സൈനിക വിമാനത്തിലെത്തിയ വിദഗ്ധ സംഘം പോര്‍വിമാനത്തെ എയര്‍ ഇന്ത്യയുടെ ഹാംഗറിലെത്തിച്ച് അറ്റകുറ്റപണി ആരംഭിച്ചിട്ടുണ്ട്. 

ENGLISH SUMMARY:

Recent F-35B landing in Thiruvananthapuram was not a pilot's choice but an automatic response after Indian radar detected and "locked" onto the stealth fighter, speculates Youtuber Amit Sengupta. He suggests India's radar systems could have forced the advanced aircraft to land.